മലപ്പുറം: ചാലിയാറില്‍ 50കാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. 50കാരനെ കൊലപ്പെടുത്തി ചാലിയാറില്‍ തള്ളിയ കേസില്‍ തിരുവനന്തപുരം സ്വദേശിയായ പ്രതിയെ പിടികൂടിയെന്നും നിലമ്പൂര്‍ പൊലീസ് അറിയിച്ചു.
വടപുറത്ത് താമസിക്കുന്ന മുബാറക് എന്ന ബാബുവിന്റെ (50) മൃതദേഹമാണ് ഈ മാസം 11ന് രാവിലെ ചാലിയാറിലെ കുളിക്കടവില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം വെങ്ങാനൂര്‍ താഴെ വിളക്കേത്ത് മജീഷ് എന്ന ഷിജുവിനെ(36)യാണ് നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ പി വിഷ്ണു അറസ്റ്റ് ചെയ്തത്. പ്രതി നിലമ്പൂരില്‍ ഒളിവില്‍ താമസിക്കുന്നതിനിടെയാണ് കൊല നടത്തിയതെന്ന് പോലീസ് പറയുന്നു.
മുബാറകിന്റെ സുഹൃത്താണ് പോലീസ് അറസ്റ്റ് ചെയ്ത മജീഷ്.തിരുവനന്തപുരം ജില്ലയില്‍ കേസുകളുള്ള പ്രതി നിലമ്പൂരില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും പഴയ സാധനങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്നയാളാണ് കൊല്ലപ്പെട്ട മുബാറക്. പത്ത് വര്‍ഷമായി നിലമ്പൂരിലെ തെരുവുകളിലാണ് ഇയാളുടെ അന്തിയുറക്കം.
മരിക്കുന്നതിന് രണ്ട് ദിവസം വരെ ഇയാള്‍ നിലമ്പൂരിലെ ആക്രിക്കടയില്‍ പഴയ സാധനങ്ങള്‍ വില്‍പ്പനക്ക് എത്തിച്ചിരുന്നു. ഈ മാസം 10ന് രാവിലെ ബിവറേജില്‍ നിന്ന് മദ്യം വാങ്ങി ബാബുവും മജീഷും ഒരു സ്ത്രീയും ഓട്ടോയില്‍ പുഴക്കരയിലെത്തി. മൂവരും പുഴക്കരയില്‍ ഇരുന്ന് മദ്യപിച്ചു. ഇതിന് ശേഷം കൂടെയുണ്ടായിരുന്ന സ്ത്രീയെ ചൊല്ലി ഇരുവരും തമ്മില്‍ അടിപിടിയുണ്ടായി.
ഇതിനിടെ മജീഷ് വടിയെടുത്ത് മുബാറകിന്റെതലക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മജീഷ് കൊല്ലപ്പെട്ടെന്ന് ഭയന്ന് മജീഷ് മൃതദേഹം പുഴയില്‍ തള്ളി മരണം ഉറപ്പാക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇതിന് ശേഷം ഇയാള്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറയുന്നു.