കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. ‘അംബാസ് രാജീവൻ’ എന്ന കഥാപാത്രമായി കുഞ്ചാക്കോ തകർത്തഭിനയിച്ച ചിത്രം പ്രേക്ഷക നിരൂപക പ്രശംസകൾ ഒരു പോലെ നേടിയിരുന്നു. പോസ്റ്റർ വിവാദത്തിനിടയിൽ റിലീസ് ചെയ്ത ചിത്രം 50 കോടി ക്ലബ്ബിലും ഇടം നേടി. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.
സെപ്റ്റംബർ 8 മുതൽ ‘ന്നാ താൻ കേസ് കൊടി’ന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിക്കും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ആണ് സ്ട്രീമിംഗ്. ഓഗസ്റ്റ് 11നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. നിറഞ്ഞ സദസുകളിലെ പ്രദർശനത്തിനൊടുവിലാണ് ചാക്കോച്ചൻ ചിത്രം ഒടിടിയിലേക്ക് മാറുന്നത്. ഒടിടി ട്രെയിലറും ഹോട്സ്റ്റാർ പുറത്തിറക്കിയിട്ടുണ്ട്.
തിയറ്റർ ലിസ്റ്റ് പങ്കുവച്ചു കൊണ്ടുള്ള പോസ്റ്ററിലെ ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന വാചകമായിരുന്നു വിവാദങ്ങൾക്ക് വഴിവച്ചിരുന്നത്. ഇത് ഒരുവിഭാഗത്തെ ചൊടിപ്പിക്കുകയും സര്‍ക്കാരിന് എതിരെയാണ് പോസ്റ്റർ എന്ന തരത്തിലുള്ള പ്രചാരണങ്ങളും നടന്നിരുന്നു. പിന്നാലെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തി. വിഷയത്തിൽ പ്രതികരണവുമായി സംവിധായകനും കുഞ്ചാക്കോയും അടക്കമുള്ള ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
പരസ്യം ഒരു രാഷ്ട്രീയ പാർട്ടിയെയും ഉദ്ദേശിച്ചല്ല. ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്ന് നിൽക്കുന്നതിനാലാണ് പരസ്യം നൽകിയത്. തമിഴ്നാട്ടിൽ നടന്ന സംഭവമാണ് ചിത്രത്തിനാധാരം. ഇനി തമിഴ്നാട്ടിൽ നിന്ന് ബഹിഷ്കരണമുണ്ടാവുമോന്ന് അറിയില്ല. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രം. വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നത് ഖേദകരമാണെന്നും ആണ് കുഞ്ചാക്കോ ബോബന്‍ വിമര്‍ശനങ്ങളില്‍ പ്രതികരിച്ചത്.