ഇടുക്കി:ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. 301 കോളനിയിലെ കുമാറിനെയാണ് കാട്ടാന ആക്രമിച്ച് പരുക്കേൽപ്പിച്ചത്. കുമാറിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഏകദേശം ഒരാഴ്ച്ച മുമ്പാണ് ഇടുക്കി പൂപ്പാറയിൽ ചക്കക്കൊമ്പനെ കാറിടിച്ചത്. ചൂണ്ടലിൽ വെച്ച് റോഡിലിറങ്ങിയ ചക്കക്കൊമ്പന്റെ പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു. ആനയുടെ പരിക്ക് സാരമുള്ളതല്ലെന്ന് വനം വകുപ്പ് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. ചക്കക്കൊമ്പൻ സാധാരണപോലെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
വനംവകുപ്പ് വെറ്ററിനറി ഡോക്ടറും ദേവികുളം റേഞ്ച് ഓഫീസറും നേരിട്ട് ആനയെ കണ്ട് ആഗോര്യസ്ഥിതി വിലയിരുത്തിയിരുന്നു. അപകടത്തിൽ കാറിന് കേടുപാട് സംഭവിച്ചിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നവർക്കും പരുക്കേറ്റു. കൊച്ചി ധനുഷ്കോടി ദേശീയപാതയിലാണ് സംഭവമുണ്ടായത്.
ചൂണ്ടൽ സ്വദേശി തങ്കരാജിൻ്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് കാട്ടാനയെ ഇടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പൂപ്പാറയിൽ നിന്ന് ചൂണ്ടലിലേക്കു പോകുകയായിരുന്നു ഇവർ. കാർ ഇടിച്ചതോടെ അക്രമാസക്തനായ ചക്കക്കൊമ്പൻ വാഹനം തകർക്കാനും ശ്രമിച്ചിരുന്നു.
അതിനിടെ ചിന്നക്കനാലില്‍ നിന്നും മയക്കുവെടിവെച്ച് പിടികൂടി കാടുമാറ്റിയ അരിക്കൊമ്പന്‍ രണ്ട് ദിവസം തങ്ങിയ കമ്പത്തെ ഷണ്മുഖ നദി അണക്കെട്ട് പരിസരത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് നീങ്ങി. വടക്ക് – കിഴക്ക് ദിശയിലുള്ള എരശക്കനായ്ക്കന്നൂർ ഭാഗത്തെ വനത്തിനുള്ളിലാണ് കൊമ്പനിപ്പോഴുള്ളത്. രാവിലെ പൂശാനംപെട്ടിയിലെ പെരുമാൾ കോവിലിന് സമീപത്തെ വനത്തിലായിരുന്നു അരിക്കൊമ്പന്‍റെ സാറ്റലൈറ്റ് കോളർ സിഗ്നലുണ്ടായിരുന്നു. ഈ ഭാഗത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഇവിടെ നിന്നും രണ്ട് കിലോ മീറ്റർ അകലെയാണ് ജനവാസ മേഖല. എന്നാൽ കാട്ടിൽ നിന്നും പുറത്തേക്കിറങ്ങുന്ന ലക്ഷണമൊന്നും കാണുന്നില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.
അരിക്കൊമ്പൻ വനത്തിന് പുറത്തേക്കിറങ്ങാതെ മയക്കുവെടി വയ്ക്കേണ്ടെന്നാണ് വനംവകുപ്പിന്‍റെ തീരുമാനം. ആന മേഘമല ഭാഗത്തേക്ക് തന്നെ സഞ്ചരിക്കുന്നതാണ് സൂചന. കമ്പത്ത് നിന്നും പരിഭ്രാന്തിയോടുകൂടി ഓടിയ ആന രണ്ട് ദിവസം ക്ഷീണിതനായിരുന്നു. കാട്ടിനുള്ളിൽ ആവശ്യത്തിന് വെള്ളവും ഭക്ഷണവും കിട്ടിയതോടെ ആനയുടെ ആരോഗ്യത്തിൽ കാര്യമായ പ്രശ്നങ്ങളില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. അതേസമയം, മുതുമലയിൽ നിന്നുള്ള ആദിവാസികൾ അടങ്ങുന്നവരുടെ പ്രത്യേക സംഘം നിരീക്ഷണം തുടരുന്നത്.
ജനവാസമേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്ന് കണ്ടെത്തി ഇന്നലെയാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവിറക്കിയത്. 1972 ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റുമെന്നാണ് ഉത്തരവില്‍ പറയുന്നത്. കൊമ്പനെ പിടികൂടി വെള്ളമലയിലെ വരശ്നാട് താഴ്വരയിലേക്ക് മാറ്റാനായിരുന്നു നീക്കം.