ആര്യനാട്: ചൂഴ ചെറുകുന്നിൽ അന്നപൂർണേശ്വരി ദേവീ ക്ഷേത്രത്തിന് സമീപം സ്റ്റേഷനറി കട ഉടമയുടെ ആറ് പവന്റെ മാല പിടിച്ചുപറിച്ച കേസിൽ ദമ്പതികൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ദമ്പതികൾ മറ്റു രണ്ടു കുറ്റവാളികളെ ‘ക്വട്ടേഷൻ’ മാതൃകയിൽ ഉപയോഗിച്ചാണ് മാല കവർന്നത്.
വെള്ളനാട് ചാരുപാറ തടത്തരികത്ത് പുത്തൻവീട്ടിൽ എസ്.കുഞ്ഞുമോൻ (24), കമ്പനിമുക്ക് ശാന്ത ഭവനിൽ ആർ.ശ്രീകാന്ത് (19), അരുവിക്കര വെള്ളൂർക്കോണം കൈതക്കുഴി പുത്തൻ വീട്ടിൽ നിന്ന് തൊളിക്കോട് മന്നൂർക്കോണത്ത് വാടകയ്ക്ക് താമസം ആർ.റംഷാദ് (21), കുഞ്ഞുമോന്റെ ഭാര്യ ചൂഴ ലക്ഷ്മി ഭവനിൽ എസ്.സീതാലക്ഷ്മി (19) എന്നിവർ ആണ് പിടിയിൽ ആയത്.
ഏപ്രിൽ 16ന് ഉച്ചയ്ക്ക് ചൂഴ ഗ്രേസ് കോട്ടേജിൽ ബി.പുഷ്പലതയുടെ മാലയാണ് നഷ്ടപ്പെട്ടത്. കുഞ്ഞുമോൻ ഗംഗാമല കോളനിയിൽ താമസിക്കുന്ന വിമലിന്റെ ഉടമസ്ഥതയിൽ ഉള്ള ബൈക്ക് ഉപയോഗത്തിന് വാങ്ങിയശേഷം കഞ്ചാവ് കച്ചവടം നടത്തുന്നതിന് സഹായിയായി പ്രവർത്തിച്ച ശ്രീകാന്ത്, റംഷാദ് എന്നിവർക്കു നൽകി. തുടർന്ന് പുഷ്പലതയുടെ മാല പൊട്ടിച്ച് വന്നാൽ വിറ്റ് കാശാക്കി തരാമെന്ന് അറിയിച്ചു. ഇതനുസരിച്ച് ഇരുവരും വാഹനത്തിൽ കടയിൽ എത്തി മാല കവരുകയായിരുന്നു.
മാല കാട്ടാക്കടയിലെ ഒരു ഫിനാൻസിൽ 1,60,000 രൂപയ്ക്ക് വിറ്റു. 30,000 രൂപ വീതം മാല പിടിച്ചു പറിച്ചവർക്കും നൽകി. ഡിവൈഎസ‌്പിമാരായ പി.പ്രശാന്ത്, പി.ടി.രാശിത്ത് എന്നിവരുടെ നേതൃത്വത്തിൽ ആര്യനാട് ഇൻസ്പെക്ടർ എൻ.ആർ.ജോസ്, എസ്ഐമാരായ എൽ.ഷീന, രാജയ്യൻ, പൊലീസ് ഉദ്യോഗസ്ഥരായ വിനു, സുനിൽ ലാൽ, നെവിൽരാജ്, ശ്രീനാഥ്, വിജേഷ്, മഹേഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
മാല പിടിച്ചുപറിച്ച കേസിലെ ഒന്നാംപ്രതി കുഞ്ഞുമോൻ ആര്യനാട് സ്റ്റേഷനിലെ സെല്ലിനുള്ളിൽ ആത്മഹത്യാ ശ്രമം നടത്തി. ഇന്നലെ ഉച്ചയ്ക്ക് 12ന് കൈകൊണ്ട് ഇടിച്ചു പൊട്ടിച്ച ടൈൽസ് കൊണ്ട് ഇടത് കൈത്തണ്ട മുറിക്കുകയായിരുന്നു. ഭാര്യയെ കൂടി കേസിൽ പ്രതിയാക്കുന്നത് അറിഞ്ഞിട്ടാണ് ഇതെന്ന് ഇൻസ്പെക്ടർ എൻ.ആർ.ജോസ് പറഞ്ഞു. സമീപത്തെ ആര്യനാട് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നടത്തിയ ശേഷം തിരികെ സ്റ്റേഷനിൽ എത്തിച്ചു.