ആലപ്പുഴ: പട്ടാപ്പകൽ റിട്ട. അധ്യാപികയെ വീട്ടിൽക്കയറി ആക്രമിച്ച് അഞ്ചുപവന്റെ മാല പൊട്ടിച്ചെടുത്തു. മാലയുമായി കടന്ന മോഷ്ടാവിനെ പൊലീസ് രാത്രിയോടെ പിടികൂടി. തുറവൂർ പട്ടത്താളിൽ അനന്ദപൈ (49)യാണ് പിടിയിലായത്. ഇയാളെ ചോദ്യംചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ വെള്ളിയാഴ്ച വെളിപ്പെടുത്തുമെന്നു സൗത്ത് എസ്ഐ എംകെ. രാജേഷ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ആലപ്പുഴ എഎൻ പുരം വാർഡിൽ കുളങ്ങര കണ്ണമംഗലത്തിൽ എസ് വിനയഭായി(75)യെയാണു മോഷ്ടാവ് കഴുത്തിൽ തോർത്തുകെട്ടി ശ്വാസംമുട്ടിച്ചു നിലത്തു തള്ളിയിട്ട് മാലയുമായി കടന്നത്.
വിനയഭായ് വീടിനകത്ത് ഇരിക്കുകയായിരുന്നു. ഭർത്താവ് കാഴ്ചയും കേൾവിയും കുറവുള്ളയാളാണ്. ഏകമകൻ ജോലിയാവശ്യത്തിനായി പുറത്തായിരുന്ന സമയത്താണു മോഷ്ടാവെത്തുന്നത്. ഹെൽമെറ്റ് ധരിച്ച് ബൈക്കിൽ, മുഖാവരണം വച്ചായിരുന്നു ഇയാളെത്തിയത്. ഗേറ്റുതുറന്ന് വീടിന്റെ മുന്നിലെത്തി. കിടക്കുകയായിരുന്ന ഭർത്താവ് ശബ്ദംകേട്ട് എന്താണെന്നന്വേഷിച്ചു. മറ്റൊരാൾ വീട്ടിലുണ്ടെന്നു മനസ്സിലാക്കിയ മോഷ്ടാവ്, നിലത്തുവീണ വിനയഭായിയെ ആക്രമിച്ച് അഞ്ചുപവന്റെ മാല പറിച്ചെടുത്ത് ബൈക്കിൽ കടന്നുകളഞ്ഞു.
മാലയുടെ മുക്കാൻഭാഗവും മോഷ്ടാവിന്റെ കൈയിൽകിട്ടി. ചെരിപ്പും തോർത്തും എടുക്കാതെയാണിയാൾ പോയത്. ശബ്ദമുയർത്താൻപോലും കഴിയാതായ വിനയഭായ് പുറത്തിറങ്ങി സമീപമുണ്ടായിരുന്ന കുട്ടികളോടു സംഭവം പറഞ്ഞു. അവർ ൈബക്ക് പോകുന്നതു കണ്ടെങ്കിലും ശ്രദ്ധിച്ചിരുന്നില്ല.സംഭവം കേട്ടവർ ബൈക്കുപോയ വഴിയിൽ പാഞ്ഞെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചില്ല.ഉടൻതന്നെ പോലീസിനെ അറിയിച്ചപ്പോൾ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി. വിനയഭായിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.