ന്യൂഡൽഹി: കേരളത്തിന് 13,600 കോടി വായ്പയെടുക്കാൻ കൂടി അനുമതി നൽകാമെന്നും ഇതിന് സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിക്കണമെന്നും കേന്ദ്രം. എന്നാൽ ഹർജി പിൻവലിക്കില്ലെന്നും കേരളത്തിന് അർഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നതെന്നും കേരള സർക്കാർ. വിഷയത്തിൽ ചർച്ചയ്ക്ക് ഇനി കാര്യമില്ലെന്നും കേരളം സുപ്രീം കോടതിയിൽ അറിയിച്ചു. കടമെടുപ്പ് പരിധിയിൽ കേരളത്തിൻ്റെ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ഇരുപക്ഷത്തിൽ നിന്നും രാഷ്ട്രീയമല്ല, ഗൗരവകരമായ ചർച്ചകളാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസ് പിൻവലിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടുവെന്നും എങ്കിൽ മാത്രമേ മറ്റു കാര്യങ്ങൾ പരിഗണിക്കാനാകൂ എന്നും കേന്ദ്രം പറഞ്ഞതായി കേരളം കോടതിയിൽ അറിയിച്ചു.
എന്നാൽ കേരളം ഉന്നയിക്കുന്നത് മുഴുവൻ ശരിയല്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. ചർച്ചകൾ തുടർന്നു കൂടെയെന്ന് ജസ്റ്റിസ് കെ.വി വിശ്വനാഥൻ പറഞ്ഞപ്പോൾ ചർച്ചയ്ക്ക് ഇനി കാര്യമില്ലെന്നും അടിയന്തര ആവശ്യം
കണക്കിലെടുക്കണമെന്നുമായിരുന്നു കേരളത്തിന്റെ ആവശ്യം. തുടർന്ന് മാർച്ച് 6,7 തീയതികളിൽ വാദം കേൾക്കുന്നതിനായി ഹർജി മാറ്റി. വിഷയത്തിൽ കോടതി തീരുമാനമെടുക്കുമെന്ന് അറിയിച്ചെങ്കിലും ഇതിനിടെ ചർച്ചയ്ക്ക് സാധ്യത ഉണ്ടെങ്കിൽ നോക്കണമെന്നും കോടതി നിർദേശിച്ചു.