തിരുവനന്തപുരം: സിക വൈറസ് ബാധിത മേഖലകളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി. ആനയറ, പാറശാല എന്നിവിടങ്ങളിലാണ് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തിയത്. ഗര്‍ഭണികളിലെ വൈറസ് ബാധ വേഗത്തില്‍ കണ്ടെത്തണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആക്ഷന്‍ പ്ലാന്‍ ഉടന്‍ തയ്യാറാക്കണമെന്നും കേന്ദ്ര സംഘം നിര്‍ദേശിച്ചു.
പനി രോഗലക്ഷണങ്ങളുമായി എത്തുന്നവരില്‍ പരിശോധിക്കുന്ന മറ്റ് രോഗങ്ങളുടെ പട്ടികയില്‍ സികയും ഉള്‍പ്പെടുത്തണമെന്നും കേന്ദ്ര സംഘം ആവശ്യപ്പെട്ടു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് സംഘങ്ങളായി തിരിഞ്ഞ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം. എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സിക വൈറസ് പരിശോധന, ചികിത്സാ മാര്‍ഗരേഖ എന്നിവ നല്‍കണം. കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിന് പരിഗണന നല്‍കണമെന്നും കേന്ദ്ര സംഘം അറിയിച്ചു.
സികയ്ക്ക് സമാന ലക്ഷണങ്ങള്‍ മറ്റ് ജില്ലകളിലുള്ളവരിലും കാണിച്ചിരുന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ കേന്ദ്ര സംഘത്തെ അറിയിച്ചു. സിക സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി എത്തിയ ആറംഗ കേന്ദ്ര സംഘം തലസ്ഥാനത്ത് തുടരുകയാണ്.