ന്യൂഡൽഹി:: സില്‍വര്‍ ലൈനിന് കേന്ദ്രാനുമതിയില്ലെന്ന് കെ മുരളീധരൻ എംപി. റെയിൽവെ മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു കെ മുരളീധരന്‍റെ പ്രതികരണം. കെ റെയിൽ പദ്ധതിയിൽ മുൻ നിലപാടിൽ മാറ്റമില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അറിയിച്ചെന്ന് കെ മുരളീധരൻ പറഞ്ഞു.
കേന്ദ്രം ഇതുവരെ പദ്ധതിക്ക് കെ റെയിൽ അനുമതി നൽകിയിട്ടില്ല. കേന്ദ്രത്തിന്‍റെ അജണ്ടയിൽ തന്നെ പദ്ധതി ഇല്ലെന്നാണ് താൻ കരുതുന്നതെന്നും മുരളീധരൻ പറഞ്ഞു. നേമം ടെർമിനലിന് സംസ്ഥാന സർക്കാർ മുൻ കൈ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനവും കേന്ദ്രവും തമ്മിൽ ചില അവ്യക്തതകൾ ഉണ്ട്.
ഇത് പരിഹരിക്കാന്‍ സംസ്ഥാന സർക്കാർ തന്നെ മുൻ കൈ എടുക്കണമെന്നാണ് മുരളീധരൻ പറയുന്നത്. മുടങ്ങിക്കിടക്കുന്ന ട്രെയിനുകൾ വൈകാതെ തന്നെ പുനരാരംഭിക്കുമെന്ന് കേന്ദ്രത്തിന്‍റെ ഉറപ്പ് ലഭിച്ചുവെന്നും കെ മുരളീധരൻ അറിയിച്ചു. ട്രെയിനുകൾ പുനരാരംഭിക്കുമ്പോൾ പഴയ സ്റ്റേഷനുകൾക്ക് അനുമതി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞതായും കെ മുരളീധരൻ കൂട്ടിച്ചേര്‍ത്തു.