ന്യൂഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്നത് പരിഗണിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഈ മാസം 28ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ പരിഗണനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ശുപര്‍ശ ചെയ്യും.
2022 ജൂലൈ എന്ന സമയപരിധിയില്‍ നിന്ന് ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്ന കാലയളവ് നീട്ടണം എന്നാവശ്യമാകും സംസ്ഥാനങ്ങള്‍ക്ക് യോഗത്തില്‍ പ്രധാനമായും ഉന്നയിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തെ എന്നാല്‍ വിവിധ സംസ്ഥാനങ്ങള്‍ എതിര്‍ക്കും എന്നാണ് വിവരം.
ഇതുമൂലം ഉണ്ടാകുന്ന നഷ്ടം കേന്ദ്രം നല്‍കണമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക എന്ന വിഷയത്തിന് പുറമേ ജിഎസ്ടി നിരക്കുകള്‍ പുതുക്കുന്ന കാര്യത്തിലും സമിതി തിരുമാനം കൈകൊള്ളും.
മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് യോഗം ചേരുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു ഇടവേള വന്നത്. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനോട് യോഗം ചേരാന്‍ ആവശ്യപ്പെട്ടതോടെയാണ് ഇപ്പോള്‍ യോഗം വിളിച്ചിരിക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാരത്തുകയിലെ കുറവും കടംവാങ്ങല്‍ പരിധിയും നികുതിയിളവുമെല്ലാം ഈ യോഗത്തില്‍ ചര്‍ച്ചയായേക്കും.
അതേസമയം കൊവിഡ് പ്രതിസന്ധിക്കിടെ എണ്ണക്കമ്പനികള്‍ ഇന്ധന വില കുത്തനെ ഉയര്‍ത്തുകയാണ്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലഇന്നും വര്‍ധിപ്പിച്ചു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് എണ്ണക്കമ്പനികള്‍ ഇന്ധന വില വീണ്ടും കൂട്ടിയത്. വിവിധ നഗരങ്ങളില്‍ പെട്രോളിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് ഉയര്‍ന്നത്. ഈ മാസം ഇത് 9-ാമത്തെ തവണയാണ് ഇന്ധന വില കൂട്ടുന്നത്. 9 ദിവസംകൊണ്ട് പെട്രോളിന് രണ്ട് രൂപ 40 പൈസയും ഡീസലിന് രണ്ട് രൂപ 74 പൈസയുമാണ് വര്‍ധിച്ചത്.
കേരളത്തില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 94.56 രൂപയാണ് വില. ഡീസലിന് 89.47 രൂപയും. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 92.51 രൂപയാണ് വില. ഡീസലിന് 87.49 രൂപയും. കോഴിക്കോട് പെട്രോളിന് 92.90 രൂപയും ഡീസലിന് 87.90 രൂപയുമാണ് ഇന്നത്തെ വില. മെട്രോ നഗരമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 92.58 രൂപയാണ് വില. ഡീസലിന് 83.22 രൂപയും.