പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്റെ വാതിൽ, കട്ടിള, ദ്വാരപാലകശില്പങ്ങൾ എന്നിവയിൽനിന്ന് സ്വർണം കവർന്ന കേസിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി). കേസിന് അന്തഃസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്നാണ് ശുപാർശ. സംസ്ഥാനത്തുനിന്നുള്ള റിപ്പോർട്ട്, ഡയറക്ടർ ജനറൽ ഓഫ് ഇന്റലിജൻസിനാണ് നൽകിയത്.
നിലവിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. അതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഐബി റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ഹൈക്കോടതിക്ക് കൈമാറുമെന്നാണ് വിവരം. സ്വർണക്കൊള്ളയ്ക്കൊപ്പം കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടാകുമെന്ന് കരുതുന്നതിനാൽ ഇ.ഡി.യുടെ അന്വേഷണവും ഐബി മുന്നോട്ടുവെക്കുന്നുണ്ട്.
ശബരിമലക്കേസിലെ അന്താരാഷ്ട്രമാനങ്ങളെക്കുറിച്ച് ഹൈക്കോടതി പ്രകടിപ്പിച്ച ആശങ്കയുടെ അടിസ്ഥാനത്തിലാണ് ഐബി പ്രാഥമിക വിവരശേഖരണത്തിന് തയ്യാറായത്.
ദേവസ്വംബോർഡ് ഭാരവാഹികളിലേക്ക് അന്വേഷണം നീങ്ങുന്നുവെന്ന് വന്നപ്പോഴാണ്, കേസന്വേഷണത്തിന്റെ ഫയലുകൾ വേണമെന്ന ആവശ്യവുമായി ഇ.ഡി. ആദ്യം റാന്നി കോടതിയെ സമീപിച്ചത്. എന്നാൽ, അവ നൽകേണ്ട എന്നായിരുന്നു റാന്നി കോടതിയുടെ ഉത്തരവ്. തുടർന്ന് ഇ.ഡി. ഹൈക്കോടതിയിൽ അപേക്ഷ നൽകി. കൊല്ലം വിജിലൻസ് കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ് .
ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കോടതിയിൽ ഹർജി നൽകിയ ഇ.ഡി., കേസ് വിവരം കൈമാറണമെന്നുള്ള ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്. ഫയലുകൾ കിട്ടിയശേഷം, സ്വർണക്കൊള്ള കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇ.ഡി. കേസ് രജിസ്റ്റർചെയ്യും.
കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ളയുടെ വ്യാപ്തി വലുതെന്ന് പ്രത്യേക അന്വേഷണസംഘം. കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, ഒമ്പതാം പ്രതി, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, പത്താംപ്രതി ബെള്ളാരിയിലെ ജൂവലറി ഉടമ ഗോവർധൻ എന്നിവരെ ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിശദവിവരം.
ക്ഷേത്ര ശ്രീകോവിലിന്റെ കട്ടിളയുടെ മൊത്തം ഏഴു പാളികളിലെ സ്വർണമാണ് കവർന്നത്. കട്ടിളയ്ക്ക് മുകളിലെ പ്രഭാമണ്ഡലത്തിലെ സ്വർണവും കൊള്ളയടിച്ചു. കട്ടിളപ്പാളികൾക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞ സ്വർണവും നഷ്ടപ്പെട്ടു.
ഇത് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിൽ എത്തിച്ചാണ് വേർതിരിച്ചത്. പ്രതികൾ ഹാജരാക്കിയ സ്വർണത്തേക്കാൾ കൂടുതൽ സ്വർണം കണ്ടെത്താനുണ്ടെന്നും അതിനായി അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
• ശബരിമല ശ്രീകോവിൽ വാതിൽ കട്ടിളയിൽ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിൽനിന്ന്
• കട്ടിളയുടെ മുകൾപ്പടി ചെമ്പ് പാളിയിൽ
• രാശിചിഹ്നം ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിൽ നിന്ന്


