ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ചാണ് മരിച്ചതെന്നു സംശയമുള്ളവരുടെ ശരീരം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കാന്‍ ലബോറട്ടറി ടെസ്റ്റിന്റെ ഫലം വരുംവരെ കാക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ഇവരുടെ സംസ്‌കാരം സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാവണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി.
കൊവിഡ് സംശയമുള്ളവരുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകിട്ടാന്‍ താമസം വരുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ഇത്തരത്തില്‍ മരണങ്ങള്‍ ഉണ്ടായാല്‍ ശരീരം ഉടന്‍ തന്നെ ബന്ധുക്കള്‍ക്കു കൈമാറാവുന്നതാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ് ഗാര്‍ഗ് കത്തില്‍ പറഞ്ഞു. ലാബ് പരിശോധനാ ഫലങ്ങള്‍ക്കു കാക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് മരണത്തില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാവണം ഇവരുടെ സംസ്‌കാരം നടത്തേണ്ടത്. ഫലം പോസിറ്റീവ് ആണെങ്കില്‍ സമ്പര്‍ക്ക പട്ടിക തയാറാക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.