എക്സൈസ് തീരുവ വെട്ടിക്കുറച്ചു; എണ്ണവിലയിൽ കുറവുണ്ടാകുമോ? ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതം കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കുറച്ചിരിക്കുകയാണ്. ഇതോടെ കേന്ദ്രം ഏർപ്പെടുത്തിയ എക്‌സൈസ് തീരുവ പെട്രോളിന് ലിറ്ററിന് 3 രൂപയും ഡീസലിന് പൂജ്യവുമായി മാറി. എക്‌സൈസ് തീരുവ 10 രൂപ കുറയ്ക്കാനുള്ള സർക്കാർ തീരുമാനം പെട്രോൾ വില കുറയ്ക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും അത്തരമൊരു പ്രതീക്ഷയ്ക്ക് നിലവിൽ വകയില്ല.

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത് മൂലം എണ്ണ കമ്പനികൾക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിന് വേണ്ടിയാണ് സർക്കാർ എക്‌സൈസ് തീരുവ കുറച്ചുകൊണ്ടുള്ള നടപടിയിലേക്ക് കടന്നത്. അതുകൊണ്ട് തന്നെ ഈ ഇളവ് പെട്രോൾ പമ്പുകളിലെ വിലയിൽ പ്രതിഫലിക്കില്ലെന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പശ്ചിമേഷ്യയിലെ സംഘർഷത്തെയും ആഗോള ഊർജ്ജ വിതരണ ശൃംഖലയിലെ തടസ്സങ്ങളെയും തുടർന്ന് അസംസ്‌കൃത എണ്ണ വില കഴിഞ്ഞ മാസം ഏകദേശം 70 ഡോളർ ബാരലിന് ഉണ്ടായിരുന്നത് 122 ഡോളറിലേക്ക് ഉയർന്നുവെന്നും പെട്രോളിയം മന്ത്രാലം അറിയിച്ചു.

‘പൊതുമേഖല എണ്ണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവർ ഉപഭോക്താക്കൾക്ക് വിതരണച്ചെലവിനെക്കാൾ കുറഞ്ഞ വിലയിലാണ് ഇന്ധനം നൽകുന്നത്. എക്‌സൈസ് തീരുവ കുറച്ചത് പൊതുമേഖല കമ്പനികൾക്ക് ഉണ്ടാകുന്ന നഷ്ടം കുറയ്ക്കുന്നു’ എന്നും കേന്ദ്രം വ്യക്തമാക്കി.

പൊതുമേഖല എണ്ണ കമ്പനികൾക്ക് പ്രതിദിനം നിലവിൽ 2400 കോടി രൂപയോളം നഷ്ടമുണ്ടാക്കുന്നുവെന്നും കേന്ദ്രം പറയുന്നു.

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് ശേഷം പലരാജ്യങ്ങളിലും 20 മുതൽ 50 ശതമാനം വരെ ഇന്ധന വില വർധിച്ചുവെന്നും ഇന്ത്യയിൽ ഈ വിലവർദ്ധനവ് തടഞ്ഞുനിർത്തിയതായും കേന്ദ്ര സർക്കാർ പറഞ്ഞു.

‘വില വർദ്ധിപ്പിക്കുക അല്ലെങ്കിൽ സർക്കാർ ആ ധനഭാരം താങ്ങുക എന്ന രണ്ട് വഴികളായിരുന്നു സർക്കാരിന് മുന്നിൽ. മറ്റെല്ലാ രാജ്യങ്ങളും ചെയ്തതുപോലെ ഞങ്ങൾ വർദ്ധിപ്പിച്ചില്ല, അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളിൽ നിന്ന് രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുന്നതിനായി സർക്കാർ ഭാരം താങ്ങാൻ തീരുമാനിച്ചു’ കേന്ദ്രം പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.

The Central Government has reduced the excise duty on petrol and diesel by ₹10 per litre, bringing the duty on petrol to ₹3 and making it zero for diesel. While there were rumors of a price drop, experts suggest that consumers may not see an immediate reduction at the pump due to rising global crude oil prices and oil companies covering their losses. The decision aims to curb inflation, but its direct benefit to the common man remains uncertain.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News