ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം അനുവദിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഉത്തരവിറക്കി. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ ആകെ വിഹിതം 50 ശതമാനമായി ഉയർന്നു. മാർച്ച് 23 മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽവരും.
നേരത്തെ അനുവദിച്ച പത്ത് ശതമാനം വർധനവിന് പുറമെയാണ് പുതിയ തീരുമാനം. പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യംകൂടി നീക്കത്തിന് പിന്നിലുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
പുതിയ വിഹിതം പ്രധാനമായും ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ധാബകൾ, ഭക്ഷണ സംസ്കരണ യൂണിറ്റുകൾ, ഡയറി യൂണിറ്റുകൾ എന്നിവയ്ക്കായിരിക്കും മുൻഗണന നൽകുക. കൂടാതെ സംസ്ഥാന സർക്കാരുകളോ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളോ നടത്തുന്ന സബ്‌സിഡി കാന്റീനുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ എന്നിവയ്ക്കും ഇതിന്റെ ഗുണം ലഭിക്കും.
കുടിയേറ്റ തൊഴിലാളികൾക്കായി അഞ്ച് കിലോയുടെ ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറുകൾ ലഭ്യമാക്കാനും വ്യവസ്ഥയുണ്ട്. സിലിണ്ടറുകൾ ലഭ്യമാകുന്നതിന് വാണിജ്യ ഉപഭോക്താക്കൾ ഓയിൽ മാർക്കറ്റിങ് കമ്പനികളിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഒപ്പം, അതത് നഗരങ്ങളിലെ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഏജൻസികളിൽ പിഎൻജി കണക്ഷനായി അപേക്ഷ നൽകുകയും അത് സ്വീകരിക്കാൻ സജ്ജരാകുകയും വേണം എന്ന നിബന്ധനയും കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ട്.
ആഗോള രാഷ്ട്രീയ സാഹചര്യം ഇന്ധന വിതരണത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ഗാർഹിക എൽപിജി വിതരണത്തിൽ നിലവിൽ തടസ്സങ്ങളില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഡെലിവറി ഓതന്റിക്കേഷൻ കോഡ് സംവിധാനം ഉപയോഗിക്കുന്നതിലൂടെ വിതരണം സുഗമമായി നടക്കുന്നുണ്ട്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകൾക്കായി ജനങ്ങൾ പരിഭ്രാന്തരായി മുൻകൂട്ടി ബുക്ക് ചെയ്യുന്ന പ്രവണത കുറഞ്ഞതായും അധികൃതർ ചൂണ്ടിക്കാട്ടി.
The Union Ministry of Petroleum and Natural Gas has issued an order increasing the supply quota of commercial LPG by 20% due to the ongoing conflict in the Middle East. With this, the total allocation for commercial cylinders has risen to 50%. The new order will come into effect across the country starting March 23.


