ജി എസ് ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്ത നടൻ മോഹൻലാലിന്(Mohanlal) കേന്ദ്ര സർക്കാരിന്റെ അംഗീകാരം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് നൽകിയ സർട്ടിഫിക്കറ്റ് മോഹൻലാലിന് ലഭിച്ചു. സർട്ടിഫിക്കറ്റ് പങ്കുവച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
തനിക്ക് സർട്ടിഫിക്കറ്റ് സമ്മാനിച്ചതിൽ കേന്ദ്ര സർക്കാരിന് മോഹൻലാൽ നന്ദി അറിയിച്ചു. ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നുവെന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. ആന്റണി പെരുമ്പാവൂരിന്റെ നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസിനും അംഗീകാരം ലഭിച്ചു. രാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗമാകാനും നിങ്ങള്‍ക്കൊപ്പം നടക്കാനും അനുവദിച്ചതിന് നന്ദി പറയുന്നവെന്നും അഭിമാന നിമിഷമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
The Central Board of Indirect Taxes & Customs, Ministry of Finance, Government of India have issued a Certificate of Appreciation for timely filing and remittance of GST dues.
— Mohanlal (@Mohanlal) July 2, 2022
I thank the Government of India for their appreciation. Proud to be an Indian. Jai Hind! pic.twitter.com/xWhduJJBV0
ട്വൽത്ത് മാൻ ആണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ‘ദൃശ്യം രണ്ടി’ന് ശേഷം മോഹൻലാലും ജീത്തു ജേസഫും ഒന്നിച്ച ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിച്ചത്. കെ ആർ കൃഷ്‍ണകുമാറിന്റേതാണ് തിരക്കഥ.
അനുശ്രീ, അദിതി രവി, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ട്വല്‍ത്ത് മാനില്‍ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ. എലോൺ, മോൺസ്റ്റർ, എമ്പുരാൻ, റാം തുടങ്ങിയ ചിത്രങ്ങൾ മോഹൻലാലിന്റെതായി വരാനിരിക്കുന്നുണ്ട്.