ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് അടിയന്തര സഹായ പാക്കേജിലെ ആദ്യ ഗഡു സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതായി ആരോഗ്യ മന്ത്രാലയം. പാക്കേജിന്റെ 15 ശതമാനമായ 1,827.8 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. 12,185 കോടി രൂപയുടേതാണ് പാക്കേജ്.
ഇതില്‍ 26.8 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. കൂടുതല്‍ തുക നല്‍കിയിരിക്കുന്നത് ഉത്തര്‍പ്രദേശിനാണ്. 281.98 കോടി രൂപയാണ് ഉത്തര്‍പ്രദേശിന് അനുവദിച്ചത്. ബിഹാറിന് 154 കോടിയും രാജസ്ഥാന് 132 കോടിയും മധ്യപ്രദേശിന് 131 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,649 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ പകുതി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തില്‍നിന്നാണ്. വെള്ളിയാഴ്ച 20,772 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 593 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതോടെ 4,23,810 ആയിട്ടുണ്ട്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 37,291 പേര്‍ കൂടി രോഗമുക്തി നേടുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 3,16,13,993 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 4,08,920 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. 3,07,81,263 പേരാണ് രോഗമുക്തി കൈവരിച്ചത്.