ന്യൂഡല്‍ഹി: ദില്ലി മദ്യനയ കേസിൽ സിബിഐക്ക് പിന്നാലെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കേതിരെ ഇഡിയും അന്വേഷണം തുടങ്ങി. ഇന്നലെ കേസുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പരിശോധന നടത്തിയ സിബിഐ, സിസോദിയയുടെ വീട്ടിൽ നിന്നും ചില രേഖകളും പിടിച്ചെടുത്തിരുന്നു. ഇതടക്കം കേസിന്റെ വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് തേടിയെന്നാണ് റിപ്പോർട്ടുകൾ.
ഇഡി വൈകാതെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയേക്കും. പുതിയ മദ്യനയത്തിന്റെ ഭാഗമായി ലൈസൻസ് കിട്ടാൻ സിസോദിയയുടെ അടുപ്പക്കാർ മദ്യ വ്യാപാരികളിൽ നിന്നും കോടികൾ കോഴ വാങ്ങി എന്നാണ് സിബിഐ കേസ്. ഇന്നലെ 14 മണിക്കൂറോളം വീട്ടിൽ റെയ്ഡ് നടത്തിയ സിബിഐ, സിസോദിയയെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്.
വെള്ളിയാഴ്ച പതിനാല് മണിക്കൂറാണ് സിസോദിയുടെ വസതിയിൽ സിബിഐ പരിശോധന നടത്തിയത്. പരിശോധനയിൽ മദ്യനയത്തിലെ കരാർ സംബന്ധിച്ച് രേഖകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ സാമ്പത്തിക ഇടപാട് സംബന്ധിച്ച് രേഖകൾ ലഭിച്ചതായി വിവരമില്ല. മദ്യനയം നടപ്പാക്കിയ കഴിഞ്ഞ വർഷം നവംബർ വരെയുള്ള ആറ് മാസത്തെ സിസോദിയയുടെ ഇമെയിൽ വിവരങ്ങൾ സിബിഐ ശേഖരിച്ചെന്നാണ് വിവരം. സിബിഐ കംപ്യൂട്ടറും, ഫോണും ചില ഫയലുകളും കൊണ്ടു പോയെന്നും യാതൊരു അഴിമതിയും ചെയ്തിട്ടില്ലെന്നതിനാൽ ഭയമില്ലെന്നുമാണ് പരിശോധനയെ കുറിച്ച് സിസോദിയ പ്രതികരിച്ചത്.
സിസോദിയയുടെ അടുത്ത കൂട്ടാളികളായ അമിത് അറോറ, ദിനേഷ് അറോറ, അർജുൻ പാണ്ഡെ എന്നിവർ മദ്യ ലൈസൻസികളിൽ നിന്ന് കമ്മീഷൻ വാങ്ങി സർക്കാർ ഉദ്യോഗസ്ഥർക്ക് എത്തിച്ചെന്നും സിബിഐ ആരോപിക്കുന്നുണ്ട്. മനീഷ് സിസോദിയ ഉൾപ്പെടെ പതിനഞ്ച് പേർക്കതിരെയാണ് സിബിഐ കേസ്.
ഡല്‍ഹി ഏക്സൈസ് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും പ്രതികളാണ്. മുംബൈ മലയാളിയും വ്യവസായിയുമായ വിജയ് നായരാണ് അഞ്ചാം പ്രതി. തെലങ്കാനയിൽ സ്ഥിരതാമസമാക്കിയ അരുൺ രാമചന്ദ്രപിള്ള പതിനാലാം പ്രതിയാണ്. പുതിയ മദ്യനയത്തിന് പിന്നിൽ വിജയ് നായർ ഉൾപ്പെടെയുള്ള നാല് വ്യവസായികളുടെ ഇടപെടലുണ്ടെന്നാണ് സിബിഐ ആരോപിക്കുന്നത്. പല കമ്പനികൾക്കും ലൈസൻസ് കിട്ടാൻ അരുൺ ഇടനില നിന്നെന്നും നാല് കോടി രൂപയോളം ഇടനില നിന്നവർക്ക് കിട്ടിയെന്നും സിബിഐ പറയുന്നു.