ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍. ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച് ജനങ്ങള്‍ക്കു വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ വ്യക്തമാക്കി.
”ദിവസത്തില്‍ ഏതു നേരത്തും സൗകര്യം അനുസരിച്ചു ജനങ്ങള്‍ക്കു വാക്‌സിനെടുക്കാം. ജനങ്ങളുടെ ആരോഗ്യത്തെയും സമയത്തെയും കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നല്ല ബോധ്യമുണ്ട്” – ഹര്‍ഷ വര്‍ധന്‍ ട്വിറ്ററില്‍ കുറിച്ചു.
വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൃത്യമായ സമയ പരിധി പാലിക്കേണ്ടതില്ല. വാക്‌സിനേഷന്‍ സമയം മുന്നോട്ടോ പിന്നോട്ടോ ആക്കാന്‍ സൗകര്യമൊരുക്കണം. വാക്‌സിനേഷനു വേഗം വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനും ഇതിലൂടെ കഴിയും.
ഈ മാസം ഒന്നിനാണ് അറുപതു വയസ്സിനു മുകളിലുള്ളവര്‍ക്കും 45 വയസ്സിനു മുകളില്‍ മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കുമുള്ള വാക്‌സിനേഷന് രാജ്യത്ത് തുടക്കമായത്. ഇതിനായി ഇതുവരെ കോവിന്‍ പോര്‍ട്ടല്‍ വഴി അന്‍പതു ലക്ഷത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ അഞ്ചു ലക്ഷം പേര്‍ക്ക് ഇന്നലെ വൈകിട്ടു വരെ വാക്‌സിന്‍ നല്‍കി.