ന്യൂഡല്‍ഹി: കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഇന്നും പരിഗണിച്ചില്ല, കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ യോഗത്തില്‍ മൗനവ്രതം ആചരിച്ചു. അടുത്ത വെള്ളിയാഴ്ച കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കേന്ദ്രം നിലപാടറിയിക്കാതെ സംസാരിക്കില്ല എന്ന നിലപാടിലാണ് കര്‍ഷകര്‍. ‘ഇവിടെ ജയിക്കും, ഇവിടെ മരിക്കും’ എന്ന പ്ലക്കാര്‍ഡ് കര്‍ഷകര്‍ യോഗത്തിലുയര്‍ത്തി.
അതേസമയം കൃഷിവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അനുനയ ശ്രമം നടത്തി. പ്രതിസന്ധി തരണം ചെയ്യാനുള്ള വഴി തേടി കേന്ദ്രമന്ത്രിമാര്‍ പ്രത്യേകയോഗം ചേര്‍ന്നു. എട്ടാംഘട്ട അനുരഞ്ജനചര്‍ച്ചയാണ് പരാജയപ്പെട്ടത്. കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിങ് തോമര്‍, പിയൂഷ് ഗോയല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയില്‍ 41 കര്‍ഷക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
നിയമങ്ങള്‍ പിന്‍വലിക്കുന്നത് ഒഴികെ എന്ത് കാര്യവും പരിഗണിക്കാന്‍ തയാറാണെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ വ്യക്തമാക്കി. അതേസമയം, നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടിലാണ് ഉറച്ചുനില്‍ക്കുകയാണ് സംഘടനകള്‍. ഈ സാഹചര്യത്തിലാണ് സമവായം ദുഷ്‌ക്കരമായത്.