CENSUS 2027: രാജ്യത്ത് സെന്‍സസ് രണ്ടുഘട്ടമായി; ആദ്യഘട്ടം 2026 ഒക്ടോബര്‍ ഒന്നിന്; ജനസംഖ്യാ സെന്‍സസിനൊപ്പം ജാതി സെൻസസ് ഇതാദ്യം

ന്യൂഡല്‍ഹി: 2011 ന് ശേഷമുളള രാജ്യത്തെ ജനസംഖ്യാ സെന്‍സസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. 2026 ഒക്ടോബര്‍ ഒന്നും, 2027 മാര്‍ച്ച് ഒന്നിനും രണ്ടുഘട്ടങ്ങളിലായിട്ടായിരിക്കും സെന്‍സസ്.

ആദ്യഘട്ടം ഹൗസ് ലിസ്റ്റിങ് ഓപ്പറേഷന്‍( HLO) എന്നറിയപ്പെടും. ഓരോ വീട്ടിലെയും ആസ്തികള്‍, കുടുംബ വരുമാനം, വീടുകളുടെ അവസഥ, സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ ഘട്ടത്തില്‍ ശേഖരിക്കും. ഇന്ത്യയുടെ ആദ്യത്തെ ഡിജിറ്റല്‍ സെന്‍സസാണ് അടുത്ത വര്‍ഷം നടക്കാന്‍ പോകുന്നത്. വീട്ടിലിരുന്ന് തന്നെ ആളുകള്‍ക്ക് ഇതാദ്യമായി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയും.

രണ്ടാം ഘട്ടം പോപ്പുലേഷന്‍ എന്യൂമറേഷനാണ്( PE). ജനസംഖ്യാപരവും, സാമൂഹിക സാമ്പത്തികമായി വിവരങ്ങളും മറ്റു വ്യക്തിവിവരങ്ങളും ശേഖരിക്കും. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായി ജാതി സെന്‍സസും ജനസംഖ്യാ സെന്‍സസിന്റെ ഭാഗമായിരിക്കും.

ലഡാക്ക്, ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിക്കിടക്കുന്ന മേഖലകളില്‍ അടുത്ത വര്‍ഷം ഒക്ടോബര്‍ ഒന്ന് മുതലാകും സെന്‍സസ് ആരംഭിക്കുക. രാജ്യത്തെ മറ്റിടങ്ങളില്‍ സെന്‍സസ് നടപടികള്‍ 2027 മാര്‍ച്ച് ഒന്നിനാണ് ആരംഭിക്കുക.

സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി ഏകദേശം 34 ലക്ഷം എന്യുമെറേറ്റര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും ഏകദേശം 1.3 ലക്ഷം സെന്‍സസ് പ്രവര്‍ത്തകരെയും നിയോഗിക്കും. സമാഹരണം, കൈമാറ്റം, സംഭരണം എന്നിവയിലെ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കര്‍ശനമായ നടപടികള്‍ ഉറപ്പാക്കുമെന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

രാജ്യത്തെ സെന്‍സസ് നടപടികള്‍ ആരംഭിച്ചതിന് ശേഷമുള്ള 16-ാമത്തെയും സ്വാതന്ത്ര്യത്തിന് ശേഷമുള്ള എട്ടാമത്തെയും സെന്‍സസാണിത്. 93 വര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് ജാതി സെന്‍സസ് നടത്തുന്നത്. 1931ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് മുമ്പ് ജാതി സെന്‍സസ് നടത്തിയിട്ടുള്ളത്. 2027 ആണ് അടിസ്ഥാന വര്‍ഷമാക്കി കണക്കാക്കുന്നത്. കണക്കെടുപ്പും മറ്റ് നടപടികളും അടുത്ത വര്‍ഷമായിരിക്കും. പൂര്‍ത്തിയാകാന്‍ മൂന്ന് വര്‍ഷമെങ്കിലും എടുത്തേക്കും. കോവിഡ് കാരണമാണ് 2021ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് മാറ്റിവയ്ക്കേണ്ടി വന്നത്.

സെന്‍സസ് പ്രഖ്യാപിച്ചതോടെ വനിതാ സംവരണ ബില്ലിനും വിവാദമായ മണ്ഡല പുനര്‍നിര്‍ണയ പരിപാടിക്കും ഉള്ള തടസ്സങ്ങള്‍ നീങ്ങുകയാണ്. ലോക്‌സഭയിലും സംസ്ഥാനനിയമസഭയിലും വനിതകള്‍ക്ക് മൂന്നിലൊന്ന് സീറ്റുകള്‍ സംവരണം ചെയ്യുന്ന വനിതാ സംവരണ ബില്‍ സെന്‍സസ് പൂര്‍ത്തിയായാല്‍ നടപ്പാക്കാന്‍ കഴിയും. മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ ജനസംഖ്യാടിസ്ഥാനത്തില്‍ പുനര്‍നിര്‍ണയിക്കുന്നതും മരവിപ്പിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News