വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ യുവാവ് മരണപ്പെട്ട സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മരണപ്പെട്ട ബിസ്മിർ ആശുപത്രിയിൽ ഏറെ അസ്വസ്ഥനായി നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.

ജനുവരി 19-നാണ് ശ്വാസ തടസ്സത്തെത്തുടർന്നാണ് വിളപ്പിൽശാല കൊല്ലംകൊണം സ്വദേശി ബിസ്‌മിർ (37) വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ എത്തിയത്. ഭാര്യ ജാസ്മിനാണ് ബിസ്മിറിനെ ആശുപത്രിയിൽ എത്തിച്ചത്.

ആശുപത്രിയിൽ വാതിലുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും നിരവധി തവണ വിളിച്ചതിനും കോളിങ് ബെൽ അടിച്ചതിനും ശേഷമാണ് ഡോക്ടർ പുറത്തേക്ക് വന്നതെന്നാണ് പരാതിയിൽ പറയുന്നത്. എന്നിട്ടും പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്നാണ് ജാസ്മിൻ്റെ പരാതി. കുടുംബാരോഗ്യകേന്ദ്രത്തിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബിസ്മിർ മരിച്ചു.

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിയ രോഗിക്ക് ജീവനക്കാർ ഗേറ്റ് തുറന്നു നൽകാൻ തയ്യാറായില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. കുടുംബം വിളപ്പിൽശാല മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്. രോഗിയുടെ നില മോശമായതിനാലാണ് മെഡിക്കൽ കോളേജിലേക്ക് അയച്ചതെന്നായിരുന്നു ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News