ജയ്പൂര്‍: സിസിഎല്ലില്‍ ഒരു മത്സരം പോലും ജയിക്കാതെ കേരള സ്ട്രൈക്കേഴ്സിന്‍റെ മടക്കം. ഭോജ്‍പുരി ദബാങ്‍സിനോട് 76 റണ്‍സിനാണ് കേരള ടീം തോറ്റത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ തങ്ങളുടെ അവസാന ഇന്നിംഗ്സിന് ഇറങ്ങിയ കേരളത്തിന് മുന്നില്‍ ഭോജ്‍പുരി ദബാങ്‍സ് വൻ വിജയ ലക്ഷ്യമാണ് നല്‍കിയത്. നിശ്ചിത 10 ഓവറില്‍ കേരള സ്‍ട്രൈക്കേഴ്‍സിന് ജയിക്കാൻ 164 റണ്‍സ് വേണമായിരുന്നു. ഇത് പിന്തുടര്‍ന്ന കേരളം 9.5 ഓവറില്‍ 88 റണ്‍സിന് ഓള്‍ഔട്ടായി.
കേരള നിരയില്‍ മൂന്നുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത് വിവേക് ഗോപന്‍ മാത്രമാണ് 20 പന്തില്‍ 35 റണ്‍സ് നേടി. അര്‍ജുന്‍ നന്ദകുമാര്‍ 8 ബോളില്‍ 12 റണ്‍സ് നേടി. രാജീവ് പിള്ള 7 പന്തില്‍ 10 റണ്‍സ് നേടി. കേരള ഇന്നിംഗ്സില്‍ കാര്യമായി ആരും വലിയ പ്രകടനം ഒന്നും പുറത്തെടുത്തില്ല. ദിനേശ് ലാല്‍ യാദവ് അവസാന ഓവറില്‍ അഞ്ച് പന്ത് എറിയുന്നതിനിടെ തന്നെ മൂന്ന് വിക്കറ്റ് നേടി. ഭോജ്പുരി ക്യാപ്റ്റന്‍ മനോജ് തിവാരി 2 വിക്കറ്റ് വീഴ്ത്തി.
അതേ സമയം 48 റണ്‍സിന്റെ ലീഡുമായി ബാറ്റിംഗിനിറങ്ങിയ ഭോജ്‍പുരി രണ്ടാം സ്‍പെല്ലില്‍ ഒരു വിക്കറ്റ് മാത്രം നഷ്‍ടപ്പെടുത്തി 115 റണ്‍സാണ് എടുത്തത്. ആന്റണി പെപ്പെയ്‍ക്കാണ് ഏക വിക്കറ്റ്.
പര്‍വേശിന്റെ തകര്‍പ്പൻ സെഞ്ച്വറിയുടെ മികവില്‍ ഭോജ്‍പുരി നേടിയ 167 റണ്‍സ് പിന്തുടര്‍ന്ന കേരള സ്‍ട്രേക്കേഴ്‍സിന് ആദ്യ സ്‍പെല്ലില്‍ അഞ്ച് വിക്കറ്റ് നഷ്‍ടത്തില്‍ 119 റണ്‍സാണ് എടുക്കാനായത്. കേരളത്തിനായി ഓപ്പണിംഗായി ഇറങ്ങിയ അര്‍ജ്ജുന്‍ നന്ദകുമാര്‍ 31 പന്തില്‍ 64 റണ്‍സ് നേടി നടത്തിയ ചെറുത്തുനില്‍പ്പാണ് കേരളത്തിനെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്. അര്‍ജ്ജുന്‍ നാല് സിക്സും നേടി. 13 പന്തില്‍ 25 റണ്‍സ് നേടിയ സിദ്ധാര്‍ത്ഥ് മേനോന്‍ ആണ് കേരള ബാറ്റിംഗ് നിരയില്‍ പിന്നീട് രണ്ടക്കം നേടിയ ഏക താരം.
നേരത്തെ ടോസ് നേടിയ മലയാളി സിനിമാ താരങ്ങളുടെ ക്യാപ്റ്റൻ സൈജു കുറുപ്പ് ആദ്യം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‍ത ഭോജ്‍പുരി ദബാങ്‍സ് വെറും രണ്ട് വിക്കറ്റ് നഷ്‍ടത്തിലാണ് 167 റണ്‍സ് എടുത്തത്. ഭോജ്‍പുരിയുടെ സ്‍കോര്‍ 91 റണ്‍സിലായിരിക്കേയാണ് ആദ്യ വിക്കറ്റ് നഷ്‍ടമായത്. 11 പന്തില്‍ നിന്ന് 21 റണ്‍സ് എടുത്ത ഉദയ് തിവാരിയാണ് പുറത്തായത്. കേരളത്തിന്റെ ജീൻ പോള്‍ ലാലിന്റെ ഓവറിലാണ് ഉദയ് തിവാരി പുറത്തായത്. വിവേക് ക്യാച്ച് എടുത്ത് പുറത്താക്കുകയായിരുന്നു കേരള സ്‍ട്രൈക്കേഴ്സിന് ദബാങ്‍സിന്റെ അടുത്ത വിക്കറ്റ് നേടാൻ കാത്തിരിക്കേണ്ടി വന്നത് ഒമ്പതാം ഓവറിലെ രണ്ടാം പന്തു വരെയായിരുന്നു. മൂന്ന് പന്തില്‍ വെറും ഒരു റണ്‍ മാത്രം എടുത്ത് നില്‍ക്കേ വിക്രാന്ത് സിംഗിനെ രാജീവ് പിള്ള റണ്‍ ഔട്ട് ആക്കുകയായിരുന്നു. ഭോജ്‍പുരിയുടെ നെടുംതൂണായ പര്‍വേശ് 34 പന്തില്‍ നിന്ന് പുറത്താകാതെ 114 റണ്‍സാണ് എടുത്തത്.
കേരള സ്‍ട്രൈക്കേഴ്‍സ് ബൗളിംഗ് നിരയില്‍ ഏറ്റവും റണ്‍സ് വിട്ടുകൊടുത്തത് സൈജു കുറുപ്പാണ്. രണ്ട് ഓവറില്‍ 46 റണ്‍സാണ് സൈജു വിട്ടുകൊടുത്തത്. വിനു മോഹൻ, ആന്റണി പെപ്പെ, എന്നിവരും രണ്ട് ഓവര്‍ വീതം എറിഞ്ഞ് യഥാക്രമം 24ഉം 30ഉം റണ്‍സ് വിട്ടുകൊടുത്തു. ജീൻ പോള്‍ ലാലും രണ്ട് ഓവര്‍ എറിഞ്ഞ് 33 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ വിവേക് ഗോപൻ, മണിക്കുട്ടൻ എന്നിവര്‍ ഓരോ ഓവറില്‍ യഥാക്രമം 13ഉം 20ഉം റണ്‍സ് വീതം വിട്ടുകൊടുത്തു