നാട്ടികയിൽ സി.പി.ഐയിൽ വൻ പൊട്ടിത്തെറി; സിറ്റിങ് എം.എൽ.എ സി.സി മുകുന്ദൻ സ്വതന്ത്രനായി മത്സരിക്കും

തൃശ്ശൂര്‍: നാട്ടിക നിയമസഭാ മണ്ഡലത്തില്‍ സിറ്റിങ് എം.എല്‍.എ സി.സി മുകുന്ദന് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് സി.പി.ഐയില്‍ കലഹം രൂക്ഷമാകുന്നു. രണ്ടാമതൊരു അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സി.സി മുകുന്ദന്‍ ഉന്നയിക്കുന്നത്.

മുന്‍ എം.എല്‍.എ ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയത് ‘പെയ്മെന്റ് സീറ്റ്’ ആണെന്ന സംശയം തനിക്കുണ്ടെന്നും പാര്‍ട്ടിയില്‍ ഇപ്പോള്‍ പണത്തിനാണ് സ്വാധീനമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നാട്ടികയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും മുകുന്ദന്‍ പ്രഖ്യാപിച്ചു.

തന്റെ അഞ്ചു വര്‍ഷത്തെ ഭരണവും ഗീതാ ഗോപിയുടെ പത്തു വര്‍ഷത്തെ ഭരണവും തമ്മില്‍ താരതമ്യം ചെയ്യാന്‍ മുകുന്ദന്‍ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ചു. സാമ്പത്തികമായി പാര്‍ട്ടിയെ സഹായിക്കാന്‍ തനിക്കുമേല്‍ പലപ്പോഴും സമ്മര്‍ദ്ദമുണ്ടായെന്നും എന്നാല്‍ വന്‍കിട മുതലാളിമാരുള്ള മണ്ഡലമായിട്ടും താന്‍ ആരുടെയും പോക്കറ്റില്‍ കൈയിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിട്ടുള്ള ഗീതാ ഗോപി വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന വ്യക്തിയാണെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. നേരത്തെ ഗീതാ ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക വിവാദങ്ങള്‍ പാര്‍ട്ടി തള്ളിയിരുന്നെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തോടെ ഈ ആരോപണങ്ങള്‍ വീണ്ടും സജീവമായിരിക്കുകയാണ്.

തൃശ്ശൂര്‍ ജില്ലയില്‍ സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിച്ച രണ്ട് മണ്ഡലങ്ങളില്‍ ഒന്നാണ് നാട്ടിക. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതോടെ കൂടുതല്‍ തീരുമാനങ്ങള്‍ അറിയിക്കുമെന്ന് മുകുന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്. സി.പി.ഐ നേതൃത്വം ഇതുവരെ ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ഒരു മുതിര്‍ന്ന നേതാവിന്റെ ഈ പരസ്യമായ കലാപം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തിരിച്ചടിയുണ്ടാക്കിയേക്കാമെന്ന അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

പാര്‍ട്ടി ജില്ലാ നേതൃത്വവുമായി മുകുന്ദന്‍ നേരത്തെതന്നെ അസ്വാരസ്യത്തിലായിരുന്നു. എം.എല്‍.എ എന്ന നിലയില്‍ പാര്‍ട്ടി നിയോഗിച്ച സെക്രട്ടറി തന്റെ ലെറ്റര്‍ പാഡുകളും ഒപ്പും താന്‍ അറിയാതെ ദുരുപയോഗം ചെയ്തു എന്ന പരാതിയെത്തുടര്‍ന്നാണ് മുകുന്ദന്‍ പാര്‍ട്ടിയുമായി അകന്നത്. സെക്രട്ടറിയെ മാറ്റുന്നതുവരെ അദ്ദേഹം പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് അകന്നുനില്‍ക്കുകയും തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ജപ്തിയായ, ചോര്‍ന്നൊലിക്കുന്ന വീട്ടിലെ താമസവും ബാല്യകാല കഷ്ടപ്പാടുകള്‍ വിവരിക്കുന്ന പുസ്തകവും ജനങ്ങള്‍ക്കിടയില്‍ മുകുന്ദന് വലിയ പ്രതിച്ഛായയും സ്വാധീനവും നല്‍കിയിട്ടുണ്ട്. മുകുന്ദന്റെ ക്ലീന്‍ ഇമേജും ജയസാധ്യതയും കണക്കിലെടുത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

A major crisis has erupted within the CPI in Thrissur after sitting MLA C.C. Mukundan was denied a seat for the upcoming elections in the Nattika constituency. Mukundan alleged that the seat given to former MLA Geetha Gopi was a “payment seat” and announced his decision to contest as an independent candidate. He challenged the party leadership to compare his five-year tenure with Geetha Gopi’s decade-long rule and claimed he faced pressure to provide financial aid to the party. Mukundan’s simple lifestyle and clean image have earned him significant public support, and reports suggest that senior Congress leaders have already held talks with him following his fallout with the CPI leadership.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News