പുനർജനി തട്ടിപ്പ്: സതീശനൊപ്പം മണപ്പാട്ട് ഫൗണ്ടേഷനും സിഇഒയ്ക്കും എതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം: പുനർജനി പദ്ധതിയിൽ മണപ്പാട്ട് ഫൗണ്ടേഷനും അതിന്റെ സിഇഒക്കെതിരെയും സിബിഐ അന്വേഷണത്തിന് ശുപാർശ. പ്രതിപക്ഷ നേതാവിനെ കൂടാതെ മണപ്പാട്ട് ഫൗണ്ടേഷൻ എന്ന എൻജിഒയ്ക്കും അതിന്റെ ചെയർമാൻ അമീർ അഹമ്മദിനെതിരെയും എഫ്സിആർഎ നിയമപ്രകാരം സിബിഐ അന്വേഷണം വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.

മണപ്പാട്ട് ഫൗണ്ടേഷന്റെ സിഇഒ അമീർ അഹമ്മദും വി.ഡി. സതീശനും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രളയബാധിതരെ പുനരധിവസിപ്പിക്കാനെന്ന പേരിൽ വിദേശത്ത് പണം പിരിച്ചു കേരളത്തിലേക്ക് അയച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. പിന്നാലെ, പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ നൽകിയ വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു.

വിജിലൻസിന്റെ ഈ റിപ്പോർട്ടിൽ അമീർ അഹമ്മദിനെതിരെയും സിബിഐ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന വിവരാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രളയ ദുരാതാശ്വാസ പ്രവർത്തനത്തിനുവേണ്ടി യുകെയിൽ നിന്ന് പുനർജനിക്കായി ഫണ്ട് വന്നിരുന്നത് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കായിരുന്നു. വിദേശത്തുനിന്നും വന്ന ഈ പണവുമായി ബന്ധപ്പെട്ട് നിരവധി പൊരുത്തക്കേടുകൾ കാണപ്പെടുന്നുണ്ട് എന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.

പുനർജ്ജനി പദ്ധതിയുടെ കാലയളവിൽ (2018-’22) മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആർഎ അക്കൗണ്ടിലേക്ക് 1,22,23,152 രൂപ വന്നതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നും പുനർജ്ജനി പദ്ധതിയുടെ പേരിൽ വി.ഡി. സതീശന് വേണ്ടി സ്വരൂപിച്ച പണമാണ് ഇതെന്നാണ് വിജിലൻസിന് ലഭിച്ച പരാതിയിൽ ഉള്ളത്. അതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ, മണപ്പാട് ഫൗണ്ടേഷൻ ഇത്തരത്തിൽ വിദേശ ഫണ്ട് സ്വീകരിച്ചതിന്റെ രേഖകളോ റെക്കോർഡുകളോ സൂക്ഷിച്ചിട്ടില്ല എന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.

ഇത്രയും വലിയ തുക അക്കൗണ്ടിലെത്തിയിട്ടും അതിന്റെ രേഖകൾ ഒന്നുംതന്നെ സൂക്ഷിക്കാത്തത് എഫ്സിആർഎ നിയമത്തിന്റെ റൂൾ 19-ന്റെ ലംഘനമാണെന്ന് വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മണപ്പാട് ഫൗണ്ടേഷനെതിരെയും അതിന്റെ ചെയർമാൻ അമീർ അഹമ്മദിനെതിരെയും സിബിഐ അന്വേഷണം നടത്തണം എന്ന് വിജിലൻസ് ശുപാർശ നൽകിയിരിക്കുന്നത്.

മാത്രമല്ല, മണപ്പാട്ട് ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ പരിശോധിച്ചതിൽ അക്കൗണ്ടിലേക്ക് വന്ന പണവും അതിനായി വിജിലൻസിന് നൽകിയ രേഖകളും തമ്മിൽ പൊരുത്തക്കേടുകൾ ഉള്ളതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് വിജിലൻസിന്റെ നിഗമനം. പുനർജനി പദ്ധതിയുടെ പേരിലാണ് പിരിച്ചതെങ്കിലും പണം അതിനുവേണ്ടി മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത് എന്ന നിഗമനത്തിലാണ് വിജിലൻസ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News