KeralaNews

ലൈഫ് മിഷന്‍ പദ്ധതി അധോലോക ഇടപാട്; സിബിഐ

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതി അധോലോക ഇടപാടാണെന്ന് സിബിഐ ഹൈക്കോടതിയില്‍. കരാറിന് പിന്നിലുള്ളത് വന്‍അഴിമതിയും ഗൂഡാലോചനയും. ലൈഫ് മിഷനും യുഎഇ റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഹൈജാക്ക് ചെയ്തു. ഗൂഡാലോചനയുടെ ഭാഗമായാണ് പണം വന്നത്. യൂണിടാക്കിന് കരാര്‍ ലഭിച്ചത് ടെന്‍ഡര്‍ വഴിയാണെന്നത് കളവാണെന്നും സിബിഐ ആരോപിച്ചു.
ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സി.ബി.ഐ. ഹൈക്കോടതിയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളും പദ്ധതിയില്‍ ഇടപെട്ടിട്ടുണ്ട്. ലൈഫ് മിഷന് നല്‍കിയ രേഖകള്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ കൈകളില്‍ എത്തിയത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും സിബിഐ വാദിച്ചു.
203 അപ്പാര്‍ട്ട്മെന്റുകളാണ് ആദ്യം തീരുമാനിച്ചത്. പിന്നീട് സന്തോഷ് ഈപ്പന്‍ ഇത് 100 ഉം പിന്നീട് 130ഉം ആക്കി. ഇത് ലാഭമുണ്ടാക്കാനാണ്. യൂണിടാക്കും റെഡ്ക്രസന്റും ലൈഫും തമ്മിലുള്ള കോണ്‍ട്രാക്ട് പരിശോധിക്കണം. കേസില്‍ യു.വി. ജോസ് പ്രതിയോ സാക്ഷിയോ ആകുമോയെന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചു. ഇടപടുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് വാദിച്ച സി.ബി.ഐ ഇടപാടില്‍ സംശയകരമായ നിരവധി കാര്യങ്ങളുണ്ടെന്നും കോടതിയില്‍ പറഞ്ഞു.
അതേസമയം, കേസ് റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സിബിഐ അന്വേഷണത്തിന് സംസ്ഥാനസര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോണ്‍സുലേറ്റ് പണം യൂണിടാക്ക് വാങ്ങിയതില്‍ പങ്കില്ലെന്നും സിബിഐ അന്വേഷണം ഫെഡറല്‍ ഘടനയെ തകര്‍ക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button