കൊച്ചി:ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി എന്നിവരുടെ വധത്തെ കുറിച്ചുള്ള പരാമർശവും നമുക്കറിയാവുന്ന വസ്തുതകൾക്കുമപ്പുറം എന്തെങ്കിലുമുണ്ടോയെന്ന സംശയവുമെല്ലാം കോർത്തിണക്കി ഉദ്വേഗം ജനിപ്പിച്ച്, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘സി.ബി.ഐ 5: ദ് ബെയ്ൻ’ ടീസർ എത്തി. രൂപത്തിലും ഭാവത്തിലും ആ പഴയ സേതുരാമയ്യരായുള്ള മമ്മൂട്ടി തന്നെയാണ് ടീസറിലെ ആവേശക്കാഴ്ച. മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച പരമ്പരയായ സി.ബി.ഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം വരവും ഗംഭീരമാകും എന്ന സൂചനയും ടീസർ നൽകുന്നു.
സി.ബി.ഐ പരമ്പരയിലെ നാലാം ഭാഗമിറങ്ങി 17വർഷങ്ങൾക്കിപ്പുറമാണ് പുതിയ ചിത്രം വരുന്നത്. എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും സേതുരാമയ്യരെ പ്രേക്ഷകരിലേക്കെത്തിക്കുന്നത്.സ്വർ ഗചിത്ര അപ്പച്ചനാണ് നിർമാണം. ചിത്രം ഏപ്രിൽ അവസാനം തീയേറ്ററുകളിലെത്തും. വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കിടപ്പിലായ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവും സിനിമയുടെ പ്രത്യേകതയാണ്.
രൺജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ് സോഫി എം.ജോ., തണ്ടൂർ കൃഷ്ണ തുടങ്ങി വൻ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നു. സംഗീതം-ജേക്സ് ബിജോയ്, ഛായാഗ്രഹണം-അഖിൽ ജോർജ്, എഡിറ്റിങ്-ശ്രീകർ പ്രസാദ്.
സേതുരാമയ്യർ സീരീസിലെ ഇതുവരെയുള്ള നാലു ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988ൽ ‘ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് ആണ് ആദ്യമെത്തിയത്. 1989ൽ ‘ജാഗ്രത’ എന്ന പേരിൽ രണ്ടാംഭാഗമിറങ്ങി. 2004ൽ ‘സേതുരാമയ്യർ സി.ബി.ഐ’യും, 2005ൽ നേരറിയാൻ സി.ബി.ഐ’യും എത്തി.