വമ്പൻ തമിഴ് ഹിറ്റുകൾക്ക് പിന്നാലെ അദ്യ തെലുങ്ക് ചിത്രം പ്രഖ്യാപിച്ച് വെങ്കട് പ്രഭു; നാഗ ചൈതന്യ നായകൻ
ചെന്നൈ:മാനാട്, മന്മഥ ലീലൈ എന്നീ രണ്ട് വമ്പൻ ഹിറ്റ് എൻ്റർടെയ്നർ ചിത്രങ്ങൾ വെറും നാല് മാസത്തെ ഇടവേളയിൽ നൽകികൊണ്ട് തകർപ്പൻ ഫോമിൽ നിൽക്കുന്ന തമിഴ് സിനിമയുടെ ഹിറ്റ് മെഷീൻ വെങ്കട് പ്രഭു ഇപ്പോൾ തൊട്ട് പിന്നാലെ കരിയറിലെ അദ്യ തെലുങ്ക് ചിത്രവും പ്രഖ്യാപിചിരിക്കുകയാണ്. മജിലി, വെങ്കി മാമ, ലവ് സ്റ്റോറി, ബങ്കാരുരാജു എന്നിങ്ങനെ തുടരെ നാല് വമ്പൻ വിജയങ്ങളുമായി ഉജ്വല ഫോർമിൽ കുതിക്കുന്ന തെലുങ്കിലെ യുവ സൂപ്പർതാരവും സൂപ്പർസ്റ്റാർ നാഗാർജുനയുടെ പുത്രനുമായ നാഗ ചൈതന്യയാണ് ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത്. നാഗ ചൈതന്യയുടെയും തമിഴിലെ അദ്യ മുഴുനീള കഥാപാത്രമാണ് ഈ ചിത്രത്തിലേത്. ഇതിന് മുൻപ് തമിഴിൽ ഗൗതം മേനോൻ്റെ മെഗാഹിറ്റ് ചിത്രമായ ‘വിണ്ണയ് താണ്ടി വരുവായ’യിൽ അതിഥി വേഷത്തിൽ അഭിനയിച്ചിട്ടുണ്ട് നാഗ ചൈതന്യ.
ശ്രീനിവാസ സിൽവർ സ്ക്രീനിൻ്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടന്നിരുന്നു. റാം പോതിനേനിയെ നായകനാക്കി തമിഴിലെ എക്കാലത്തെയും മികച്ച ‘മാസ്’ സംവിധായകരുടെ നിരയിൽ പെടുന്ന എൻ. ലിങ്കുസാമി സംവിധാനം ചെയ്യുന്ന ‘ദി വാറിയർ’ ആണ് ശ്രീനിവാസ ചിറ്റൂരി നിലവിൽ നിർമിച്ചുകൊണ്ടിരിക്കുന്ന ചിത്രം. ഈ രണ്ട് ചിത്രങ്ങൾക്ക് പുറമെ റാം പോതിനേനിയെ തന്നെ നായകൻ ആക്കി തെലുങ്ക് ബോക്സ് ഓഫീസിലെ ഈ വർഷത്തെ മെഗാവിജയവും ഒപ്പം ഒ ടി ടിയിൽ ചരിത്രവും സൃഷ്ടിച്ച ബാലയ്യ ചിത്രം ‘അഖണ്ഡ’യുടെ സംവിധായകൻ ബോയപട്ടി ശ്രീനു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രവും ഇതിനോടകം ശ്രീനിവാസ സിൽവർ സ്ക്രീനിൻ്റെ ബാനറിൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ വെങ്കട് പ്രഭു-നാഗ ചൈതന്യ ചിത്രം ഈ വർഷം തന്നെ ചിത്രീകരണം തുടങ്ങാൻ ആണ് ഒരുക്കങ്ങൾ നടത്തികൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിലെ നായികയുടെയും മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ അടുത്ത് തന്നെ പുറത്തുവിടുമെന്നാണ് ചിത്രത്തിൻ്റെ പ്രധാന അണിയറ വൃത്തങ്ങളിൽ നിന്ന് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. പവൻ കുമാർ ആണ് ചിത്രം അവതരിപ്പിക്കുന്നത്. പി ആർ ഒ മഞ്ജു ഗോപിനാഥ്