പാലക്കാട്: അവശ്യസാധനങ്ങളുടെ ജിഎസ്ടി വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച രാഷ്ട്രപതി മാർച്ചിനിടെ രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നതിനിടെ അപകടം. പാലക്കാട് കോലം കത്തിക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മുണ്ടിന് തീ പിടിക്കുകയായിരുന്നു.
തീ പടർന്ന മുണ്ടുമായി പൊലീസുകാർക്കിടയിലേക്കാണ് യൂത്ത് കോൺഗ്രസ് നേതാവ് ഓടിക്കയറിയത്. ഉടനെ മുണ്ട് ഊരിയെറിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറിയും പാലക്കാട് നഗരസഭാ കൗൺസിലറുമായ പി എസ് വിബിനാണ് ചെറിയ രീതിയിൽ പൊള്ളലേറ്റത്.
മറ്റ് നാല് കോൺഗ്രസ് പ്രവർത്തകരുടെ വസ്ത്രത്തിലും തീ പിടിച്ചിരുന്നു. സുൽത്താൻ പേട്ട് റോഡ് ഉപരോധത്തിനിടെയുള്ള പ്രവര്‍ത്തകരുടെ ആവേശം അപകടത്തിലേക്ക് നയിച്ചത്. ഒടുവില്‍ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.