തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയ്ക്കിടെ മത്സരാർഥി ഇറങ്ങിയോടിയെന്ന വാർത്തയാണ് ബുധനാഴ്ച സംസ്ഥാനത്ത് ചർച്ചയായത്. യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് (മെയിൻ) പരീക്ഷയ്ക്കിടെ തിരുവനന്തപുരം പൂജപ്പുരയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
നേമം സ്വദേശിയായ അമൽജിത്ത് എന്നയാൾക്ക് വേണ്ടിയാണ് വ്യാജൻ പരീക്ഷയെഴുതാൻ ഹാളിലെത്തുന്നത്. സംസ്ഥാനത്ത് ആദ്യമായി എഴുത്തുപരീക്ഷയിൽ പിഎസ്‍സി നടപ്പിലാക്കിയ ബയോമെട്രിക് പരിശോധനയിൽ തന്നെ ആൾമാറാട്ടം പിടികൂടുകയും ചെയ്തു.
പിഎസ്‍സി ആദ്യമായാണ് പരീക്ഷയിൽ ബയോമെട്രിക് പരിശോധന നടപ്പാക്കുന്നത്. സാധാരണ നടത്താറുള്ള ഹാൾടിക്കറ്റ് പരിശോധനയ്ക്ക് പുറമെയാണ് ബയോമെട്രിക് പരിശോധന ഇത്തവണ നടപ്പിലാക്കിയത്. പതിവുപോലെ ഹാൾടിക്കറ്റിലെ ഫോട്ടോയും പരീക്ഷ എഴുതാനെത്തിയ ആളെയും പരീക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ തന്നെയാണ് പരിശോധിച്ചത്. ഇതിന് പിന്നാലെയായിരുന്നു ബയോമെട്രിക് പരിശോധന.
ആധാർ ലിങ്ക് ചെയ്തവരുടെ ഡേറ്റയാണ് ബയോമെട്രിക് പരിശോധനയിലൂടെ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. വിരലടയാളമാണ് ബയോമെട്രിക് പരിശോധനയ്‌ക്ക് പരിഗണിക്കുക. അഭിമുഖം, രേഖാപരിശോധന എന്നിവയ്ക്ക് പിഎസ്‍സി നേരത്തെതന്നെ ബയോമെട്രിക് പരിശോധന നടത്താറുണ്ട്. പക്ഷേ എഴുത്തുപരീക്ഷയ്‌ക്ക് ഇത് ആദ്യമായിട്ടായിരുന്നു പരിശോധന. പരീക്ഷണാടിസ്ഥാനത്തിൽ ഇടവിട്ട പരീക്ഷാകേന്ദ്രങ്ങളിലാണ് ഇന്നലെ പരിശോധന നിശ്ചയിച്ചിരുന്നത്.
പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന പരീക്ഷയ്ക്കിടെ ബയോമെട്രിക് പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയതോടെ പരീക്ഷ എഴുതാനെത്തിയ യുവാവ് ഇറങ്ങിയോടുകയായിരുന്നു. ജീവനക്കാർ പിന്നാലെ പോയെങ്കിലും പുറത്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി ഇയാൾ രക്ഷപ്പെട്ടു.
പൊതു മത്സരപ്പരീക്ഷകളിൽ ക്രമക്കേട് നടത്തുന്നവർക്ക് 10 വർഷം തടവും ഒരു കോടി രൂപ പിഴയും ലഭിക്കാവുന്ന ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച അതേഘട്ടത്തിലാണ് കേരളത്തിൽ പിഎസ്‍സി പരീക്ഷയ്ക്കിടെ ആൾമാറാട്ടം നടന്നെന്ന റിപ്പോർട്ടും പുറത്തുവരുന്നത്. പൂജപ്പുരയിലെ ആൾമാറാട്ടക്കാരെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സിസിടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അമൽജിത്തിനെ അടിസ്ഥാനമാക്കിയുമാണ് അന്വേഷണം.