പൂച്ച കുഞ്ഞിനെ ജീവനോടെ കത്തിക്കുന്ന അജ്ഞാതനെ തിരിച്ചറിയാന്‍ സഹായിക്കുന്നവര്‍ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍

ന്യൂഡല്‍ഹി: പൂച്ചകുഞ്ഞിനെ ജീവനോടെ ചുട്ട് കൊന്നു. ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ട്വിറ്റര്‍ പേജിലാണ് ഞെട്ടിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലൈറ്റര്‍ ഉപയോഗിച്ച് അജ്ഞാതനായ ഒരാള്‍ പൂച്ചകുഞ്ഞിനെ തീകൊളുത്തുന്നത് വീഡിയോയില്‍ വ്യക്തമായി കാണുന്നുണ്ട്. ഈ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികമാണ് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

തീ പിടിക്കാന്‍ സഹായിക്കുന്ന എന്തോ ഉപയോഗിച്ചിട്ടുണ്ടെന്നും,അതാണ് തീജ്വാല കുറയാതെ കത്തിപടരാന്‍ കാരണമായതെന്നും കരുതുന്നുവെന്ന് എച്ച്.എസ്.ഐ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ അലോക്പര്‍ണ സെന്‍ഗുപ്ത പറഞ്ഞു. ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്തിട്ട് രക്ഷപ്പെടാന്‍ കഴിയുന്ന വ്യക്തി ഇത്തരം പ്രവര്‍ത്തികള്‍ വീണ്ടും ആവര്‍ത്തിക്കും.

ഈ വ്യക്തിയുടെ കൈയില്‍ നിന്ന് ഇത്തരം അനുഭവങ്ങള്‍ എത്രയോ മൃഗങ്ങളോ മനുഷ്യരോ നേരിട്ടിട്ടുണ്ടെന്ന് അറിയില്ല. വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ വീണ്ടും സമാന സംഭവങ്ങള്‍ ഉണ്ടായേക്കാം. അധികാരികള്‍ക്ക് സംഭവം റിപ്പോര്‍ട്ട് ചെയ്തതായും അന്വേഷണം ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അലോക്പര്‍ണ കൂട്ടിച്ചേര്‍ത്തു.

ഇയാളെ തിരിച്ചറിയാന്‍ സാധിക്കുന്ന എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ എച്ച്.എസ്.ഐയുമായി പങ്കിടണമെന്നും അവര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News