News

സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി നല്‍കിയ സൈക്കിളില്‍ ജാതി വിവേചനം; ജാതി തിരിച്ചറിയാന്‍ കടലാസ് ഒട്ടിച്ചു

ചെന്നൈ: ജാതി വിവേചനം ശക്തമായി നില നില്‍ക്കുന്ന തമിഴ്നാട്ടില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി നല്‍കിയ സൈക്കിളിലും ജാതി. മയിലാടു തുറൈ എന്ന സ്ഥലത്തെ സെമ്പനാര്‍കോയിലിലെ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നു വിതരണം ചെയ്ത സൈക്കിളില്‍ ജാതി അടയാളം വെച്ചതാണ് വിവാദമായിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഏതുജാതിയില്‍ പെടുന്നു എന്നറിയാന്‍ പ്രത്യേക നിറത്തിലുള്ള കടലാസ് ഒട്ടിച്ചാണ് സൈക്കിള്‍ നല്‍കിയത് എന്നാണ് ആരോപണം.

സംഭവം വലിയരീതിയില്‍ ശ്രദ്ധയാകര്‍ഷിക്കുകയും വിവിധ ഭാഗങ്ങളില്‍ നിന്നു വിമര്‍ശനം ഉയര്‍ന്നു വരികയും വിദ്യാര്‍ത്ഥി സംഘടനകള്‍ എതിര്‍ത്ത് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. സ്‌കൂളുകളില്‍ പോലും ജാതി വിവേചനം സംഭവിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതാക്കള്‍ പ്രതികരിച്ചു. ഇത്തരം കാര്യങ്ങള്‍ക്ക് എതിരേ കര്‍ശന നടപടി വേണമെന്നും ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ ആകസ്മികമായി സംഭവിച്ചതാണെന്ന് വിശദീകരീച്ച് സ്‌കൂള്‍ ക്ഷമപണം നടത്തിയ. വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിലും സംഭവം പെട്ടിട്ടുണ്ടെങ്കിലും അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. സ്വന്തം നിലയില്‍ അന്വേഷണിക്കുമെന്ന ജില്ലാകളക്ടര്‍ പറഞ്ഞു.

തമിഴ്നാട്ടിലെ സ്‌കൂളുകളില്‍ ജാതീകത മുന്‍ നിര്‍ത്തിയുള്ള സംഭവങ്ങള്‍ പുതിയതല്ല. ജാതി രേഖപ്പെടുത്തിയ മാലയും ആഭരണങ്ങളും കൈകളിലും കഴുത്തിലും അണിഞ്ഞ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തുന്നത് സാധാരണയാണ്. കഴിഞ്ഞവര്‍ഷമാണ് സ്‌കൂളുകളില്‍ ഇത്തരം കാര്യങ്ങള്‍ കര്‍ശനമായി സര്‍ക്കാര്‍ നിരോധിച്ചത്. എന്നാല്‍ സൈക്കിളിന്റെ കാര്യം സംസ്ഥാനത്ത് ഇത്തരം കാര്യങ്ങള്‍ ഇപ്പോഴും നില നില്‍ക്കുന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍.

ചിലയിടങ്ങളിലെ സ്‌കൂളുകളില്‍ ജാതി മുദ്ര ചില പ്രത്യേക നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിയുന്നതാണ്. അല്ലെങ്കില്‍ ജാതി പ്രകടിപ്പിക്കാന്‍ മേലങ്കി ധരിച്ചെത്തും. ഷര്‍ട്ടിന്റെ പോക്കറ്റില്‍ ജാതി നേതാവിന്റെ ചിത്രം പതിക്കുക, ജാതി പ്രകടമാക്കുന്ന തരം പച്ചകുത്തുകള്‍ മാലകള്‍ അണിഞ്ഞു വരിക എന്നിവയെല്ലാം കുട്ടികള്‍ ചെയ്യാറുണ്ട്. ഏത് ജാതിക്കാരാണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന രീതിയില്‍ ചില പ്രത്യേക നിറംവരുന്ന വിളക്കുകള്‍ വീടിനു പുറത്തും പരിസരങ്ങളിലും വെയ്ക്കുന്ന രീതികള്‍ വീടുകളിലുമുണ്ട്. ചില പ്രത്യേക നിറത്തിലുള്ള ചായം പൂശുക തുടങ്ങിയ കാര്യങ്ങളെല്ലാം ഇതില്‍ പെടുമെന്ന് ദളിത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

സ്‌കൂളുകളില്‍ ദളിത് കുട്ടികള്‍ ഉപയോഗിക്കുന്ന പാത്രം ഉപയോഗിക്കാതിരിക്കാന്‍ വേണ്ടി സവര്‍ണ്ണ വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ ഉച്ചഭക്ഷണത്തിനായി വീട്ടില്‍ നിന്നും പാത്രം കൊണ്ടുവരാറുണ്ട്. സവര്‍ണ്ണ അദ്ധ്യാപകര്‍ ദളിത് വിദ്യാര്‍ത്ഥികളുടെ പേരുകള്‍ മുറിച്ചു വിളിക്കുന്ന രീതിയുമുണ്ട്. ചില കണക്കദ്ധ്യാപകര്‍ സവര്‍ണ്ണ വിദ്യാര്‍ത്ഥികളെ ‘പ്ലസ്’ എന്നും അവര്‍ണ്ണ വിദ്യാര്‍ത്ഥികളെ ‘മൈനസ്’ എന്നും പരാമര്‍ശിക്കുന്ന രീതികളും സ്‌കൂളുകളിലുണ്ടെന്ന് ദളിത് പ്രവര്‍ത്തകര്‍ പറയുന്നു.

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ജാതി തിരിച്ച് വഴക്കുണ്ടാക്കുന്നതും പതിവാണെന്നും സവര്‍ണ്ണ ജാതി വിഭാഗത്തില്‍ നിന്നുള്ളവര്‍ ദളിത് വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്ന രീതിയും പതിവാണെന്നും ഇവര്‍ ആരോപിക്കുന്നു. അതേസമയം സൈക്കിളില്‍ ജാതിമുദ്ര പതിപ്പിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ വിവേചനം ഉണ്ടായോ എന്ന കാര്യം വ്യക്തമല്ല. ജാതി വിവേചനങ്ങള്‍ക്കെതിരേ പൊരുതുന്ന അനേകം സംഘടനകള്‍ ഉണ്ടെങ്കിലും ഒരു ഐഎഎസ് ട്രെയിനി ഉദ്യോഗസ്ഥന്‍ ഇക്കാര്യത്തില്‍ ഹര്‍ജി നല്‍കിയപ്പോള്‍ മാത്രമാണ് സൈക്കിള്‍സംഭവം സംസ്ഥാനത്തിന്റെ തന്നെ ശ്രദ്ധയിലേക്ക് വന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button