കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതിവിവേചനം;ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി നിയമിച്ച യുവാവിനെ ഓഫീസിലേക്ക് മാറ്റി;ഈഴവനെ കഴക ചുമതല ഏല്‍പ്പിക്കുന്നതില്‍ തന്ത്രിമാര്‍ക്കും വാര്യര്‍ സമാജത്തിനും എതിര്‍പ്പ്

തൃശ്ശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകക്കാരന് നേരേ ജാതി വിവേചനം കാട്ടിയെന്ന് ആക്ഷേപം. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി നിയമിച്ച ബാലു എന്ന യുവാവിനെ ഓഫീസിലേക്ക് മാറ്റി. തന്ത്രി, വാര്യര്‍ സമാജം എതിര്‍പ്പിനെ തുടര്‍ന്നാണ് കഴകക്കാരനെ മാറ്റിയത്. ബാലുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ആറ് തന്ത്രിമാര്‍ ദേവസ്വത്തിന് കത്തുനല്‍കി.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി കഴകപ്രവര്‍ത്തിക്കാണ് ബാലുവിനെ നിയമിച്ചത്്. സ്ഥലംമാറ്റം താല്‍ക്കാലികം എന്ന് ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. കെ .ജി.അജയകുമാര്‍ വിശദീകരിച്ചു. ഉത്സവം സുഗമമായി നടക്കുന്നതിന് വേണ്ടിയിട്ടാണ് യുവാവിനെ താല്‍ക്കാലികമായി ഓഫീസിലേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു

ഫെബ്രുവരി 24 നാണ് വിവാദ നിയമനം നടന്നത്. ഇന്ന് ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം നടക്കുകയാണ്. ഈഴവന്‍ ആയതിനാല്‍ കഴക പ്രവര്‍ത്തി ചെയ്യാനാവില്ല എന്ന നിലപാടാണ് തന്ത്രിമാരും വാര്യര്‍ സമാജം എടുത്തതെന്ന് ഭരണസമിതി വ്യക്തമാക്കി. താല്‍ക്കാലിക പ്രശ്‌നപരിഹാരത്തിനാണ് യുവാവിനെ ഓഫീസിലേക്ക് മാറ്റിയത്. തുടര്‍ന്ന് ബാലു ഏഴു ദിവസത്തെ അവധിയില്‍ പ്രവേശിച്ചു.

കാരായ്മ പ്രവര്‍ത്തി ചെയ്തുവരുന്ന സമുദായങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ കൊടുക്കുക എന്നതാണ് വാര്യര്‍സമാജത്തിന്റെ നിലപാട് എന്ന് സംസ്ഥാന ട്രഷറര്‍ ഗിരി മൂര്‍ക്കനാട് പറഞ്ഞു. കാരായ്മ കഴകം നിലനിര്‍ത്തിക്കൊണ്ടുപോകുന്ന സാഹചര്യം ഉണ്ടാക്കുക എന്നതാണ് സമുദായത്തിന്റെ ലക്ഷ്യം. കഴക പ്രവൃത്തി ചെയ്തുവരുന്ന വാര്യര്‍ കുടുംബാംഗങ്ങളെ ആ തൊഴിലില്‍ നിലനിര്‍ത്താന്‍ എല്ലാ സഹായങ്ങളും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News