കൊച്ചി: കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജനെ ജാതീയ അധിക്ഷേപം നടത്തിയെന്ന പരാതിയിൽ ട്വന്റി ട്വന്റി ചീഫ് കൊ-ഓർഡിനേറ്റർ സാബു എം.ജേക്കബിനെ അറസ്റ്റു ചെയ്യുന്നതിനു ഹൈക്കോടതിയുടെ വിലക്ക്. മറ്റു പ്രതികളുടെയും അറസ്റ്റ് വിലക്കിയിട്ടുണ്ട്. എഫ്ഐആര്‍ റദ്ദാക്കണമെന്ന സാബു ജേക്കബിന്റെ ഹര്‍ജിയിൽ ഹൈക്കോടതി നാളെയും വാദം കേള്‍ക്കും.
അതിനിടെ. പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സാബു എം.ജേക്കബിന്റെ ഹർജി പരിഗണിക്കുന്നതിൽ നിന്നു ജഡ്ജി പിൻമാറി. ജസ്റ്റിസ് എ.ബദറുദ്ദീനാണ് പിന്‍മാറിയത്. കേസ് പരിഗണനയ്ക്ക് എടുത്തപ്പോള്‍ തന്നെ പിന്‍മാറുകയാണെന്ന് ജഡ്ജി അറിയിച്ചു. കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കും.
പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം തനിക്കെതിരെ എടുത്തിട്ടുളള കേസ് നിലനിൽക്കില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ട്വന്റി20 ചീഫ് കോ–ഓർഡിനേറ്റർ സാബു എം.ജേക്കബ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യമാണ് തനിക്കെതിരായ കേസിനു പിന്നിലെന്നും സാബു പറയുന്നു. ശ്രീനിജൻ എംഎൽഎയുടെ പരാതിയിൽ ഐക്കരനാട് പഞ്ചായത്ത് അധ്യക്ഷ ഉൾപ്പടെ ആറു പേർക്കെതിരെയാണ് പുത്തൻകുരിശ് പൊലീസ് ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്തു കേസെടുത്തിരിക്കുന്നത്.