കൊച്ചി: കുവൈറ്റിലേക്ക് മലയാളികൾ ഉൾപ്പടെയുള്ള യുവതികളെ വിസിറ്റിംഗ് വിസയിൽ കൊണ്ടുപോയി അറബികൾക്ക് വിറ്റതിൽ എറണാകുളം സൗത്ത് പൊലീസ് മനുഷ്യക്കടത്തിന് കേസെടുത്ത് കോടതിയിൽ റിപ്പോർട്ട് നൽകി.
എൻ.ഐ.എ ഉടൻ കേസ് ഏറ്റെടുത്തേക്കും. കണ്ണൂർ സ്വദേശി മജീദാണ് കടത്ത് സംഘത്തിന്റെ സൂത്രധാരനും ഒന്നാം പ്രതിയും. ഇയാൾ കുവൈറ്റിലാണ്. എറണാകുളം സ്വദേശിയായ വിദേശ റിക്രൂട്ടിംഗ് ഏജൻസി ഉടമ അജിമോനാണ് രണ്ടാംപ്രതി. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ ഇയാൾ കീഴടങ്ങാനുള്ള സന്നദ്ധത പൊലീസിൽ അറിയിച്ചിട്ടുണ്ട്. ഇരുവരുടെയും ഫോണുകൾ ഓഫാണ്. മജീദിനെ തിരിച്ചെത്തിക്കാനുള്ള നടപടികളും ഉടൻ തുടങ്ങും.
നിരവധിപേരെ സംഘം വിദേശത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇവരുടെ കെണിയിൽപ്പെട്ട മലയാളിവീട്ടമ്മ കുവൈറ്റിൽ കൈഞരമ്പു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും എൻ.ഐ.എക്ക് വിവരം ലഭിച്ചു. ആലപ്പുഴ സ്വദേശിനിയേയും വീട്ടമ്മയേയും ഉത്തരേന്ത്യൻ സ്വദേശിനിയേയും സിറിയയിലേക്ക് കടത്തിയെന്ന സൂചന ലഭിച്ചതോടെ എൻ.ഐ.എ ഗൗരവത്തോടെയാണ് കേസിനെ കാണുന്നത്.
ദുബായ് വഴി റോഡ്മാർഗം കുവൈറ്റിലെത്തിക്കുന്ന ഇന്ത്യക്കാരെ സമ്പന്ന അറബി കുടുംബങ്ങൾക്കാണ് വിൽക്കുന്നത്. എതിർക്കുന്നവരെ കുടുംബങ്ങൾ തിരികെ കൈമാറും. ഇവരിൽ നിന്ന് മൂന്നുലക്ഷം രൂപ വാങ്ങി തിരിച്ചയയ്ക്കും. പണം നൽകാത്തവരെ ഭീകരമായി മർദ്ദിച്ച് സിറിയയിലെ ഐസിസ് സംഘത്തിന് കൈമാറും.
രക്ഷപ്പെട്ട് തിരിച്ചെത്തിയ എറണാകുളം സ്വദേശിനിയുടെ ഭർത്താവിനെ ഇവർ സമാനരീതിയിൽ ഭീഷണിപ്പെടുത്തിയിരുന്നു. ഇവരും മറ്റ് രണ്ടുപേരുമാണ് കഴിഞ്ഞ മാർച്ചിൽ സംഘത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ടെത്തിയത്.