ആലപ്പുഴ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എസ്. എന്നിവർക്കെതിരെ കേസെടുത്തു. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. ഐ.പി.സി. 294(ബി), 324, 325 വകുപ്പുകൾ ചുമത്തിയാണ് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിരിക്കുന്നത്.
അനിൽ കുമാറിനെ ഒന്നാം പ്രതിയായും സന്ദീപിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ്. ഡിസംബർ അഞ്ചിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവ കേരള സദസ്സിന്‍റെ വാഹനം കടന്നുവരവെ പരാതിക്കാരൻ അജയ് ജ്യൂവൽ കുര്യാക്കോസും സുഹൃത്ത് തോമസ്സും കൂടി സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് കണ്ട് പോലീസ് തടഞ്ഞ് പുറകോട്ട് മാറ്റി.
മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം കടന്ന് പോയതിനുശേഷം പിന്നാലെ വന്ന അകമ്പടി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ അനിൽ ജനറൽ ആശുപത്രി ജങ്ഷൻ ട്രാഫിക് സിഗ്നലിന് സമീപംവെച്ച് അസഭ്യം വിളിക്കുകയും ലാത്തി ഉപയോഗിച്ച് ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തതായാണ് എഫ്ഐആറിൽ പറയുന്നത്. അകമ്പടി വാഹനത്തിൽ വന്ന രണ്ടാം പ്രതി സന്ദീപും ഇരുവരെയും ലാത്തി ഉപയോഗിച്ച് അടിച്ചെന്നും എഫ്ഐആറിലുണ്ട്. അജയ്ക്കും തോമസിനും തലയ്ക്കും കൈ കാലുകളിലും ഗുരുതര പരിക്കുകൾ ഉണ്ടാക്കിയെന്നും എഫ്.ഐ.ആറിലുണ്ട്.
ഗൺമാനെതിരെയും സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാർ എസ്.പിക്കുൾപ്പെടെ പരാതി നൽകിയിരുന്നു. ജോലിയുടെ ഭാഗമായി നടത്തിയ ചെയ്തികളാണെന്നായിരുന്നു ഉദ്യോഗസ്ഥർ എസ്.പിക്ക് റിപ്പോർട്ട് നൽകിയത്. തുടർന്നാണ് വീഡിയോ സഹിതം കോടതിയിൽ സ്വകാര്യ അന്യായം ഫയൽചെയ്തത്. ഹർജി പരിഗണിച്ച കോടതി കേസെടുക്കാൻ ആലപ്പുഴ സൗത്ത് പോലീസിന് നിർദേശം നൽകുകയായിരുന്നു.
നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനിൽ എത്തിയപ്പോഴായിരുന്നു യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകർ മർദിച്ചത്. മുദ്രാവാക്യം വിളിച്ച രണ്ടുപ്രവർത്തകരെ ആദ്യം സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാർ സമീപത്തെ കടയുടെ മുന്നിലേക്ക് മാറ്റിയിരുന്നു.
തുടർന്ന് മുഖ്യമന്ത്രിയുടെ ബസ് കടന്നുപോകുകയും ചെയ്തു. എന്നാൽ, ബസിനൊപ്പം വാഹനവ്യൂഹത്തിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പടെയുള്ള അംഗരക്ഷകർ കാറിൽനിന്ന് ഇറങ്ങിവന്നശേഷം ഇരുവരേയും ലാത്തികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു.