തിരുവനന്തപുരം: ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എംആർ അജിത് കുമാറിനെ രക്ഷിക്കാൻ ട്രാക്ടർ ഡ്രൈവറെ ബലിയാടാക്കി പോലീസ്. പോലീസ് ഡ്രൈവറെ മാത്രം പ്രതിയാക്കി കേസെടുത്തു. ഹൈക്കോടതി വിധി ലംഘിച്ച് ട്രാക്ടറിൽ ആളെ കയറ്റി എന്നതാണ് പ്രധാനകുറ്റം. എംആർ അജിത് കുമാറിനെ കുറിച്ച് എഫ്ഐആറിൽ പരാമർശമില്ല.
സംസ്ഥാന പോലീസ് മേധാവിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ട്രാക്ടറിൽ യാത്രക്കാരനായിരുന്നത് എഡിജിപി എം.ആർ. അജിത് കുമാർ ആയിരുന്നു. എന്നാൽ പോലീസ് കുറ്റം മുഴുവൻ ആരോപിക്കുന്നത് ഡ്രൈവറുടെ പേരിലാണ്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ചരക്ക് നീക്കത്തിന് മാത്രം ഉപയോഗിക്കാവുന്ന ട്രാക്ടറിൽ ആളെ കയറ്റി കൊണ്ടുപോയി എന്നുള്ളതാണ് പ്രധാന ആരോപണം.
പമ്പയിൽ നിന്നും സ്വാമി അയ്യപ്പൻ റോഡിലൂടെ ശനിയാഴ്ച രാത്രി ഒൻപതിന് സന്നിധാനത്തേക്ക് മൂന്നു പേരുമായി യാത്ര ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് 1:40 ഓടുകൂടി മരക്കൂട്ടത്തു നിന്നും പമ്പയിലേക്ക് രണ്ടു പേരുമായി യാത്ര ചെയ്തു എന്നിങ്ങനെയാണ് എഫ്ഐആറിന്റെ വിശദാംശങ്ങൾ പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് കേസിലേക്ക് കാര്യങ്ങൾ എത്തിയതെന്നും ചൊവ്വാഴ്ച രാത്രി 10.59 ന് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു.

