KeralaNews

സ്ത്രീകളെ അവഹേളിച്ചു; പി സി ജോര്‍ജിനെതിരെ കേസ്

കോഴിക്കോട്: പി സി ജോര്‍ജിനെതിരെ കേസെടുത്ത് മാഹി പൊലീസ്. മാഹിയേയും സ്ത്രീകളെയും അവഹേളിച്ച് സംസാരിച്ചതിനാണ് കേസ്. കോഴിക്കോട് നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു വിവാദ പ്രസ്താവന.

IPC 153 (A), 125 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിപിഐഎം മാഹി ലോക്കൽ സെക്രട്ടറി സുനിൽ കുമാറിൻ്റെ പരാതിയിലാണ് പോലീസ് നടപടി. മയ്യഴി വേശ്യകളുടെ കേന്ദ്രമാണെന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രസ്താവന.

രാത്രി കാലങ്ങളില്‍ ഇതുവഴി യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നും ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയിരുന്ന പ്രദേശമാണ് മയ്യഴിയെന്നും പി സി ജോര്‍ജ് ആരോപിച്ചിരുന്നു. പിന്നാലെ പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് രമേശ് പറമ്പത്ത് എംഎല്‍എ രംഗത്തെത്തിയിരുന്നു.

മയ്യഴിയിലെ സ്ത്രീ സമൂഹമടക്കമുള്ള ജനങ്ങളെയാകെ പി സി ജോര്‍ജ് അപമാനിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതിനും നാട്ടില്‍ കലാപം സൃഷിടിക്കാന്‍ ശ്രമിച്ചതിനും പി സി ജോര്‍ജിനെതിരെ നിയമനടപടികളുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്നും എംഎല്‍എ പറഞ്ഞിരുന്നു.

മയ്യഴിയില്‍ സ്വാതന്ത്ര്യ സമരത്തിലടക്കം പങ്കെടുത്തവരുണ്ട്. കലാസാംസ്‌കാരിക സാഹിത്യ രംഗത്ത് ചിരപ്രതിഷ്ഠ നേടിയവരുമായ വനിതകളുണ്ട്. ഫ്രഞ്ച് ഭരണകാലത്ത് തന്നെ വിദ്യാസമ്പന്നരായിരുന്നു മയ്യഴിയിലെ സ്ത്രീകളടക്കമുള്ളവരെന്നും പി സി ജോര്‍ജിന് മനസ്സിലാക്കാന്‍ കഴിയേണ്ടതാണെന്നും എംഎല്‍എ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button