'13 വർഷം മുൻപ് നക്ഷത്ര ഹോട്ടലിൽ വെച്ച് മോശമായി പെരുമാറി'; മുകേഷിനെതിരെ വടക്കാഞ്ചേരിയിലും കേസ്

വടക്കാഞ്ചേരി : നടനും എം.എല്‍.എയുമായ മുകേഷിനെതിരെ വടക്കാഞ്ചേരിയിലും കേസ്. 13 വർഷം മുൻപ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലിൽ താമസിക്കുന്നതിനിടയിൽ മുകേഷ് മോശമായി പെരുമാറിയെന്നാണ് ആക്ഷേപം.

'നാടകമേ ഉലകം' എന്ന സിനിമയുടെ ചിത്രികരണത്തിനിടയിൽ മുകേഷ് കയറി പിടിച്ചുവെന്ന നടിയുടെ മൊഴി അന്വേഷണസംഘം വടക്കാഞ്ചേരി പോലീസിന് കൈമാറിയതിൻ്റെ അടിസ്ഥാനത്തിൽ വടക്കാഞ്ചേര പോലീസ് എഫ്. ഐ. ആർ രജിസ്റ്റർ ചെയ്തു.

കേസ് എടുത്തെങ്കിലും തുടർ അന്വേഷണങ്ങൾ പ്രത്യേക സംഘമാണ് നടത്തുക. ഇത് സംബന്ധിച്ച് നടി പരാമർശിച്ച ഹോട്ടലിൽ വിളിച്ച് പോലീസ് അന്വേഷിച്ചിരുന്നു. കേസ് എടുത്ത കാര്യം സ്ഥിരീകരിക്കുന്നുണ്ടെങ്കലും വടക്കാഞ്ചേരി പോലീസ് ഈ വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്തിയിട്ടില്ല.

അതേസമയം, ലൈംഗിക പീഡന പരാതിയില്‍ മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. മുന്‍കൂര്‍ ജാമ്യത്തേയും സംഘം എതിര്‍ക്കും. മുകേഷിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണം സംഘം കോടതിയില്‍ തിങ്കളാഴ്ച സത്യവാങ്മൂലം നല്‍കും. തിങ്കളാഴ്ചയാണ് മുകേഷിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയും പരിഗണിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News