പാറ്റ്‌ന: യുവതിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ ബിജെപി എംഎല്‍എയ്ക്കെതിരെ കേസ്. ബിഹാറിലെ വെസ്റ്റ് ചമ്പാരനിലെ ലൗരിയയിലുള്ള എംഎല്‍എ വിനയ് ബിഹാരിക്കെതിരെയാണ് കേസ്. യുവതിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഗം കുവാന്‍ പോലീസ് ആണ് കേസെടുത്തത്. എംഎല്‍എയെ കൂടാതെ രണ്ട് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പരീക്ഷയ്ക്കായി കോളജില്‍ പോയ യുവതിയെ ഈ മാസം ഒന്‍പത് മുതല്‍ കാണാതാവുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. വൈകുന്നേരം മൂന്ന് ആയിട്ടും യുവതി തിരികെ വരാത്തതിനെ തുടര്‍ന്ന് അമ്മ മൊബൈല്‍ ഫോണിലേക്ക് വിളിച്ചു. എന്നാല്‍ മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നു. കുറച്ച് സമയത്തിന് ശേഷം മകളുടെ ഫോണില്‍ നിന്ന് ഒരു സന്ദേശം ലഭിച്ചു, മറ്റൊരു നമ്പറില്‍ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടായിരുന്നു സന്ദേശം വന്നത്. ആ നമ്പറില്‍ വിളിച്ചപ്പോള്‍ എംഎല്‍എ വിനയ് ബിഹാരിയാണ് ഫോണെടുത്തതെന്ന് യുവതിയുടെ അമ്മ പറഞ്ഞു.
ഒരു മണിക്കൂറിന് ശേഷം വീണ്ടും വിളിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. കുറച്ച് സമയത്തിന് ശേഷം വീണ്ടും വിളിച്ചപ്പോള്‍ അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. മകള്‍ അദ്ദേഹത്തിന്റെ അനന്തരവന്‍ രാജീവ് സിംഗിനൊപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എസ്പിയെയോ ഡിഎസ്പിയെയോ കണ്ടിട്ട് കാര്യമില്ലെന്നും അയാള്‍ പറഞ്ഞത്രേ.
തുടര്‍ന്ന് പട്നയിലെ മഹാത്മാഗാന്ധി നഗറിനടുത്തുള്ള രാജീവ് സിംഗിന്റെ വീട്ടിലേക്കു താന്‍ പോയി. എന്നാല്‍, അങ്ങനെയൊരു സംഭവത്തെക്കുറിച്ചു തങ്ങള്‍ക്ക് അറിയില്ലെന്നാണ് മാതാപിതാക്കള്‍ പറഞ്ഞതെന്നും അമ്മ പറഞ്ഞു.കേസില്‍ അന്വേഷണം നടക്കുകയാണെന്നു പോലീസ് പറഞ്ഞു. എന്നാല്‍, സംഭവത്തില്‍ എംഎല്‍എ ഇതുവരെയും പ്രതികരിച്ചിട്ടില്ല.