FeaturedKeralaNews

കോടതിക്ക് പുറത്ത് വന്‍സുരക്ഷ; പിന്‍വാതിലിലൂടെ ബിഷപ്പ് എത്തി, നിര്‍ണായക വിധി ഉടന്‍

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗക്കേസിൽ നിർണായക വിധി അൽപസമയത്തിനകം പുറത്തുവരും. 105 ദിവസത്തെ വിചാരണയ്ക്ക് ഒടുവിലാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി ഗോപകുമാർ വിധി പ്രസ്താവിക്കുന്നത്.

വിധി കേൾക്കാനായി രാവിലെ ഒമ്പതരയോടെ തന്നെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിലെത്തി. പിൻവാതിലിലൂടെയാണ് ബിഷപ്പ് കോടതിയിലേക്ക് പ്രവേശിച്ചത്. സഹോദരനും സഹോദരി ഭർത്താവിനുമൊപ്പമാണ് ബിഷപ്പ് കോടതിയിലേക്കെത്തിയത്.

വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി വലിയ സുരക്ഷയിലാണ് കോടതി പരിസരം. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം കോടതിക്ക് പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ബോംബ്, ഡോഗ് സ്ക്വാഡുകൾ കോടതിമുറി പരിശോധിച്ചു. കോടതി കോമ്പൗണ്ടിനുള്ളിൽ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.

105 ദിവസത്തെ രഹസ്യ വിചാരണയ്ക്കൊടുവിൽ തുറന്ന കോടതിലാണ് ഇന്ന് വിധി പ്രസ്താവിക്കുക. വിധി പറയാനായി ജഡ്ജി ജി ഗോപകുമാറും കോടതിയിലെത്തിയിട്ടുണ്ട്. കന്യാസ്ത്രീയുടെ ചില ബന്ധുക്കളും വിധി കേൾക്കാൻ കോടതിയിലേക്ക് എത്തുമെന്നാണ് വിവരം.

കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button