90കളിൽ ജനിച്ചവർക്കറിയാം കാർട്ടൂൺ നെറ്റ്‌വർക്ക് ചാനലും അതിൽ വരുന്ന കാർട്ടൂണുകളും. അവരുടെ ഒഴിവുസമയങ്ങൾ ഉല്ലാസകരമാക്കുന്നതിൽ ഈ ചനൽ വഹിച്ച പങ്ക് ചെറുതല്ല. കഴിഞ്ഞദിവസമാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് ചാനൽ അടച്ചുപൂട്ടാൻ പോവുകയാണെന്ന വാർത്ത പരന്നത്. കാർട്ടൂൺ നെറ്റ്‌വർക്കിൽ പ്രശ്നങ്ങളുണ്ടെന്നും ചാനൽ നിർത്തുകയാണെന്നുമായിരുന്നു വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ ചാനലിന്റെ ഭാഗത്തുനിന്നും വിശദീകരണം വന്നിരിക്കുകയാണ്.
വാർണർ ബ്രദേഴ്സ് ആനിമേഷനും കാർട്ടൂൺ നെറ്റ്‌വർക്ക് സ്റ്റുഡിയോയും ഒന്നിക്കാൻ പോവുകയാണ് എന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്. ട്വീറ്റിലൂടെയാണ് കാർട്ടൂൺ നെറ്റ്‌വർക്ക് ഇക്കാര്യം അറിയിച്ചത്. ചാനൽ അടച്ചുപൂട്ടാൻ പോവുകയാണെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് വാർണർ ബ്രദേഴ്സ് അറിയിച്ചു. ജീവനക്കാരിൽ ചിലരെ കമ്പനി പിരിച്ചുവിട്ടെന്ന വാർത്ത കമ്പനി സ്ഥിരീകരിച്ചെങ്കിലും ചാനൽ ഇനിയും ലഭ്യമാകുമെന്ന് കമ്പനി വ്യക്തത വരുത്തി.
ചാനൽ പൂട്ടാൻ പോവുകയാണെന്ന പ്രചാരണം വ്യാപകമായതോടെയാണ് വിശദീകരണവുമായി രംഗത്തുവരാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ഞങ്ങളാരും മരിച്ചിട്ടില്ല. ഞങ്ങൾക്ക് വെറും മുപ്പത് വയസ് ആകുന്നതേയുള്ളൂ. ആരാധകരോട്, ഞങ്ങൾ എവിടേക്കും പോകുന്നില്ല. പുതുമയുള്ള കാർട്ടൂണുകളുമായി ഇനിയും നിങ്ങളുടെ വീടുകളിലുണ്ടാവും. ഒരുപാട് വരാനിരിക്കുന്നു എന്നാണ് ചാനൽ ഔദ്യോഗിക പേജിൽ ട്വീറ്റ് ചെയ്തത്.
പ്രചർച്ച വാർത്തകൾ സത്യമല്ലെന്ന വിശദീകരണവുമായി ചാനൽ തന്നെ രംഗത്തെത്തിയതോടെ കാർട്ടൂൺ നെറ്റ്‌വർക്ക് പൂട്ടുകയാണെന്ന ചർച്ചകൾക്കും വിരാമമായിരിക്കുകയാണ്.