ന്യൂഡൽഹി:രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ പുനഃസംഘടനയെപ്പറ്റിയുള്ള ആദ്യ സൂചനകൾ പുറത്തുവന്ന നിമിഷം തൊട്ടുതന്നെ, മന്ത്രിസഭയിലെ പുതിയ അംഗങ്ങൾ ആരൊക്കെ എന്ന ജിജ്ഞാസയിലായിരുന്നു എല്ലാവരും. നിലവിലെ പല മന്ത്രിമാർക്കും സ്ഥാനം നഷ്ടമായേക്കും എന്നും, പുതുമുഖങ്ങൾ ഇത്തവണ ക്യാബിനറ്റ് റാങ്കിൽ തന്നെ വന്നേക്കുമെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും അധികം പറഞ്ഞു കേട്ട ഒരു പേരായിരുന്നു ബിജെപിയുടെ കർണാടകത്തിൽ നിന്നുള്ള രാജ്യസഭാ എംപിയും പ്രമുഖ വ്യവസായിയുമായ രാജീവ് ചന്ദ്രശേഖറിന്റേത്
മന്ത്രിസഭയിലെ മാറ്റങ്ങൾ സംബന്ധിച്ച അഭ്യൂഹങ്ങളെല്ലാം അവസാനിക്കുമ്പോൾ രാജീവ് ചന്ദ്രശേഖർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണ്. 2006 മുതൽക്കേ രാജ്യസഭാ എംപി സ്ഥാനം വഹിച്ചുപോരുന്ന രാജീവ് ചന്ദ്രശേഖർ 2006 -ൽ,ബിജെപിയുടെയും ജനതാദളിന്റെയും പിന്തുണയോടെ, കർണാടകയിൽ നിന്നാണ് ആദ്യമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
എയർ കമ്മഡോർ എംകെ ചന്ദ്രശേഖർ എന്ന എയർഫോഴ്സ് ഓഫീസറുടെ മകനായി ഗുജറാത്തിലെ അഹമ്മദാബാദിൽ ജനിച്ച രാജീവ് ചന്ദ്രശേഖർ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിലും ബിരുദം നേടി, 1988 -ൽ ഷിക്കാഗോയിലെ ഇല്ലിനോയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഉപരിപഠനവും പൂർത്തിയാക്കിയ ശേഷമാണ് ഐടി മേഖലയിലേക്ക് ചുവടുവെക്കുന്നത്.
തുടക്കം സിലിക്കൺ വാലിയിലെ ഇന്റൽ എന്ന സെമികണ്ടക്ടർ ചിപ്പ് നിർമാണ കമ്പനിയിൽ ഒരു ടെക്കി എന്ന നിലയിലായിരുന്നു. രാജീവ് ചന്ദ്രശേഖർ അടങ്ങുന്ന പ്രോജക്ട് ടീം ആണ് കമ്പ്യൂട്ടറുകളുടെ ചരിത്രത്തിലെ നിർണായകമായ ഒരു വഴിത്തിരിവായ 32-bit 80486 മൈക്രോപ്രൊസസർ വികസിപ്പിച്ചെടുക്കുന്നത്. അങ്ങനെ, ഇന്ത്യക്കാരനായ ഒരു ടെക്കി സ്വപ്നം കണ്ടിരുന്ന എല്ലാ ഉയരങ്ങളെയും കയ്യെത്തിപ്പിടിച്ച തൊണ്ണൂറുകളിലാണ് രാജീവ് ചന്ദ്രശേഖർ, അമേരിക്കയിലെ തന്റെ കരിയർ അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങി വരുന്നതും, ബിപിഎൽ എന്ന ഇന്ത്യൻ ഇലക്ട്രോണിക്സ് കമ്പനിയുടെ അമരക്കാരനാകുന്നതും.
1994 -ൽ, സെല്ലുലാർ ടെലികോം മേഖലയിൽ ഒരു പുതുസംരംഭം കെട്ടിപ്പടുക്കാനുള്ള സ്വപ്നങ്ങളുമായി നടക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. ഫ്രാൻസ് ടെലികോം എന്ന കമ്പനിയുമായി ചേർന്ന്, ഇന്ത്യയിൽ ആദ്യമായി സെല്ലുലാർ ടെലികോം ലൈസൻസ് നേടിയ സ്ഥാപനങ്ങളിൽ ഒന്ന് ബിപിഎൽ ആയിരുന്നു. എന്നാൽ, കാലക്രമേണ മൊബൈൽ ടെലികോം മേഖലയിലെ മത്സരം കടുത്തതോടെ, 2005 -ൽ ഒരു ബില്യൺ ഡോളറിന് ബിപിഎല്ലിനെ ഹച്ചിസൺ എസ്സാറിനു വിറ്റ് രാജീവ് ചന്ദ്രശേഖർ ടെലികോം സെക്ടറിൽ നിന്ന് പുറത്തു കടന്നു.
2006 -ൽ,ഒരു സ്വകാര്യ നിക്ഷേപകൻ എന്ന നിലയ്ക്ക് 100 മില്യൺ ഡോളറിന്റെ മൂലധനത്തിൽ രാജീവ് ചന്ദ്രശേഖർ ആരംഭിച്ച വ്യവസായ സംരംഭമായ ജൂപ്പിറ്റർ കാപ്പിറ്റൽ, ഇന്ന് മാധ്യമസ്ഥാപനങ്ങൾ മുതൽ വ്യോമയാനം വരെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ബൃഹദ് സ്ഥാപനമായി വളർന്നു കഴിഞ്ഞു.
രാജ്യസഭയിൽ എത്തിയ ശേഷം 2G സ്പെക്ട്രം വിതരണത്തിൽ അഴിമതി ആരോപിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖർ രാജ്യസഭയിൽ നടത്തിയ സമയോചിതമായ ഇടപെടലുകൾ മാധ്യമശ്രദ്ധ നേടിയിരുന്നു. അതുപോലെ കോൺഗ്രസ് മന്ത്രിസഭ ‘ഐടി ആക്ട് സെക്ഷൻ 66 എ’ ദുരുപയോഗം ചെയ്യുന്നു എന്നാക്ഷേപിച്ചും അദ്ദേഹം നിരന്തരം സഭയിൽ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. ‘സ്വകാര്യതയ്ക്കുള്ള അവകാശം'(Right to Privacy) സംബന്ധിച്ച ബിൽ 2010 -ൽ പാർലമെന്റിൽ അവതരിപ്പിച്ച രാജീവ് ചന്ദ്രശേഖർ സ്വതന്ത്രവും സൗജന്യവുമായ ഇന്റർനെറ്റ് സേവനങ്ങൾക്കും ‘നെറ്റ് ന്യൂട്രാലിറ്റി’ക്കും വേണ്ടി നിരന്തരം പ്രവർത്തിച്ചു പോന്നിട്ടുണ്ട്.
അതുപോലെ രാജ്യത്തിന് വേണ്ടി വീരചരമം അടഞ്ഞിട്ടുള്ള സൈനികരുടെ ക്ഷേമത്തിന് വേണ്ടിയും അദ്ദേഹം നടത്തിയ പരിശ്രമങ്ങളും പ്രശംസാർഹമാണ്. ദില്ലിയിൽ ഒരു ‘നാഷണൽ വാർ മെമ്മോറിയൽ’ സ്ഥാപിക്കണം എന്നുള്ള രാജീവ് ചന്ദ്രശേഖർ എംപിയുടെ 2007 മുതലുള്ള ആവശ്യം ഒടുവിൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം സാക്ഷാത്കരിക്കപ്പെടുകയുണ്ടായി.
ഇന്ന് പാർലമെന്റിൽ കർണാടകത്തിൽ നിന്നുള്ള രാജ്യസഭംഗം എന്ന നിലയ്ക്ക് തന്റെ മൂന്നാം ഊഴം പിന്നിടുന്ന അദ്ദേഹം, നിലവിൽ ബിജെപിയുടെ ദേശീയ വക്താവ് കൂടിയാണ്. അതിന് പുറമെ പാർലമെന്റിന്റെ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗം എന്നീ നിലകളിലും രാജീവ് ചന്ദ്രശേഖർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ‘നാഷണൽ കൊയാലിഷൻ ടു പ്രൊട്ടക്റ്റ് ഔർ ചിൽഡ്രൻ'(NCPOC) ന്റെ കൺവീനറും, വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സെന്റർ ഫോർ എക്കണോമിക്സ് സ്റ്റഡീസിന്റെ വൈസ് ചെയര്മാനുമാണ് അദ്ദേഹം. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് & ഇൻഡസ്ട്രി (FICCI) യുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റും രാജീവ് ചന്ദ്രശേഖർ തന്നെയാണ്.