KeralaNews

മൂന്നാറിൽ ഭൂമി കയ്യേറി ഏല കൃഷി, ചിന്നകനാലിൽ കളക്ടറുടെ നേതൃത്വത്തിൽ അ‍ഞ്ച് ഏക്കർ ഒഴിപ്പിച്ചു

ഇടുക്കി: മൂന്നാറിൽ കൈയ്യറിയ ഭൂമി കളക്ടറുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. ആനയിറങ്കൽ – ചിന്നക്കനാൽ മേഖലയിൽ സർക്കാർ ഭൂമിയാണ് കൈയ്യേറി ഏലകൃഷി നടത്തിയത്. ജില്ലാ കളക്ടറുടെ കീഴിലുള്ള ദൗത്യ സംഘമാണ് അഞ്ച് ഏക്കർ ഏലകൃഷി ഒഴിപ്പിക്കുന്നത്. അടിമാലി സ്വദേശി റ്റിജു കുര്യാക്കോസ് കയ്യേറിയ അഞ്ച് ഏക്കർ അമ്പത്തി അഞ്ച് സെന്‍റ് സ്ഥലത്തെ ഒഴിപ്പിക്കൽ നടപടികള്‍ പൂർത്തിയായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

സ്ഥലത്തെ കെട്ടിടങ്ങളും ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു. അതിനിടെ ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധവും ഉണ്ടായിരുന്നു. വന്‍കിടക്കാരെ ഒഴിപ്പിക്കാതെ ചെറുകിട കര്‍ഷകര്‍ക്ക് നേരെയാണ് കയ്യേറ്റം നടക്കുന്നതെങ്കില്‍ അനുവദിക്കാനാകില്ലെന്ന് നിലപാടിലാണ് കര്‍ഷകര്‍.

ചെറുകിട കുടിയേറ്റക്കാര്‍ക്കും നോട്ടീസ് നല്‍കിയെന്ന പരാതിയാണ് ഉയരുന്നത്. എന്നാൽ അഞ്ച് സെന്‍റില്‍ കുറവുള്ളവരെ ഒഴിപ്പിക്കിലല്ല ലക്ഷ്യമെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. രാവിലെ ആറ് മണിയോടെ തന്നെ കയ്യേറ്റം ഒഴിപ്പിക്കാനുളള നടപടികള്‍ ആരംഭിച്ചത്.

50ലധികം വന്‍കിട കെട്ടിടങ്ങളാണ് മൂന്നാറിലെ കൈയ്യറ്റ ഭൂമിയിൽ അനധികൃതമായി നിർമിച്ചത്. സ്റ്റോപ്പ് മെമ്മോ പോലും അവഗണിച്ചാണ് പല കെട്ടിടങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മൂന്നാറിലേക്ക് ദൗത്യസംഘം മലകയറുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് പുലര്‍ച്ചെയുണ്ടായ അപ്രതീക്ഷിത നീക്കം. കളക്ടര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ മൂന്നാര്‍ മേഖലയിലെ മൊത്തം കയ്യേറ്റം 390 ഏക്കറാണ്. എന്നാൽ ഇതിൽ കൂടുതലുണ്ടെന്നാണ് ആരോപണങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button