കൊല്ലം: കൊല്ലം ആയിരം തെങ്ങില്‍ വെഡ്ഡിങ് ഫോട്ടോഗ്രഫിക്കെത്തിയ സംഘത്തിന്റെ കാറിന്റെ ഗ്ലാസ് തകര്‍ത്ത് മോഷണം. ലാപ്‌ടോപ്പും ഹാര്‍ഡ് ഡിസ്‌കും ചെക്ക്ബുക്കും ഉള്‍പ്പടെയുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ബാഗുകള്‍ മോഷ്ടിച്ചതായി പരാതി. ജോസ് ചാള്‍സ് എന്നയാളുടെ കാറിന്റെ പുറകുവശത്തെ ഗ്ലാസ് തകര്‍ത്താണ് സാധനങ്ങള്‍ മോഷ്ടിച്ചത്. ജനുവരി മൂന്നിനാണ് സംഭവം. ജോസ് ഓച്ചിറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
എറണാകുളത്ത് ഇടപ്പള്ളിയില്‍ മൗസ് ആര്‍ട്ട് ഫിലിം പ്രൊഡക്ഷന്‍ ഹൗസ് നടത്തുന്ന ജോസും സുഹൃത്തുക്കളും കൊല്ലത്തെ ആയിരംതെങ്ങില്‍ വെഡ്ഡിങ് ഫോട്ടോഗ്രഫിക്കായി എത്തിയതായിരുന്നു. പതിനൊന്നുമണിയോടെ സ്ഥലത്തെത്തിയ ജോസ് വിവാഹ വീടിന് അമ്പതുമീറ്റര്‍ അകലെയാണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. രണ്ടുമണിയോടെയാണ് സമീപവാസികളിലൊരാള്‍ കാറിന്റെ ഗ്ലാസ് തകര്‍ക്കപ്പെട്ടതായി അറിയിക്കുന്നത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലാപ്‌ടോപ്പും ഹാര്‍ഡ് ഡിസ്‌കുകളും ചെക്ക് ഉള്‍പ്പടെയുള്ള രേഖകളും സൂക്ഷിച്ചിരുന്ന ബാഗ് മോഷ്ടിക്കപ്പെട്ടതായി മനസ്സിലാക്കുന്നത്. കാറിന്റെ പിറകുവശത്തെ സീറ്റില്‍ ഉണ്ടായിരുന്ന മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. സംഭവം നടന്നതിന് സമീപത്ത് സിസിടിവികളൊന്നും സ്ഥാപിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഇപ്പോഴും പ്രതിയെ സംബന്ധിച്ചുള്ള സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം തുടരുകയാണ്.
ലാപ്‌ടോപ്പിലും ഹാര്‍ഡ് ഡിസ്‌കിലും പരസ്യ ചിത്രത്തിന്റെ ഫൂട്ടേജുകള്‍ ഉണ്ടെന്നും അത് വീണ്ടും ചിത്രീകരിക്കാനാവാത്ത സാഹചര്യമാണെന്നും ജോസ് പറഞ്ഞു. ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണമെന്നും ജോസ് അഭ്യര്‍ത്ഥിച്ചു.