കീവ്:കിഴക്കൻ യുക്രെയ്നിലെ ഡോനെട്സ്ക് നഗരത്തിൽ വൻ സ്ഫോടനം. സൈനിക വാഹനം പൊട്ടിത്തെറിച്ചു. ആളപായമില്ലെന്നാണു റിപ്പോർട്ടുകൾ. ഡൊനെട്സ്ക് പീപ്പിൾസ് റിപ്പബ്ലിക് ആസ്ഥാനത്തിനു സമീപമാണു സ്ഫോടനമുണ്ടായത്. റഷ്യ പിന്തുണയ്ക്കുന്ന വിമതവിഭാഗം സ്ഫോടനമുണ്ടായ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഡോനെട്സ്ക് നഗരത്തിൽനിന്ന് താമസക്കാരെ റഷ്യയിലെ െറോസ്തോവ് മേഖലയിലേക്ക് ഒഴിപ്പിക്കുമന്ന് ഡോനട്സ്ട് പീപ്പിൾസ് റിപബ്ലിക്ക്(ഡിഎൻആർ) നോതാവിന്റെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കമാണ് ആക്രമണം നടന്നത്.
വലിയ സ്ഫോടനമാണു സംഭവിച്ചിരിക്കുന്നതെന്ന് റഷ്യയുടെ ആർഐഎ വാർത്താ ഏജൻസിയും സ്ഥിരീകരിച്ചു. ശീതയുദ്ധകാലത്ത് ഉള്ളതിനേക്കാൾ വലിയ സുരക്ഷാ ഭീഷണിയാണ് ഇപ്പോഴുള്ളതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. യുക്രെയ്‍ൻ– റഷ്യ പ്രശ്നങ്ങൾ നയതന്ത്രതലത്തിൽ പരിഹരിക്കണമെന്ന നിലപാടിലാണ് യുഎൻ സുരക്ഷാ കൗൺസിൽ അംഗങ്ങൾ. വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രെയ്നിൽ റഷ്യ നടത്തുന്ന പ്രകോപനങ്ങളെ രാജ്യാന്തര സമൂഹം അപലപിക്കണമെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
യുക്രെയ്നിൽ എപ്പോൾ വേണമെങ്കിലും റഷ്യ കടന്നുകയറാമെന്നു യുഎസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അതിർത്തിയിൽ റഷ്യൻ സൈനികരുടെ എണ്ണം വർധിക്കുകയാണെന്ന് യുക്രെയ്നും വ്യക്തമാക്കി. സൈനികരെ പിൻവലിക്കുകയാണെന്നു റഷ്യ നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാൽ യുഎസ് ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ ഇതു വിശ്വാസത്തിലെടുത്തിട്ടില്ല.
സംഘർഷഭരിതമായ സാഹചര്യം നിലനിൽക്കുന്ന യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ മൂന്ന് ‘വന്ദേ ഭാരത് മിഷൻ’ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ. ഫെബ്രുവരി 22, 24, 26 തീയതികളിലാണ് ഇവ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. യുക്രൈനിലെ ഏറ്റവും വലിയ വിമാനത്താവളമായ ബോറിസ്പിൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും വിമാനങ്ങൾ സർവീസ് നടത്തും.
എയർ ബബിൾ ക്രമീകരണത്തിന് കീഴിൽ യുക്രൈനിൽ നിന്ന് വരുന്നതും പോകുന്നതുമായ വിമാനങ്ങളുടെ എണ്ണത്തിലുള്ള നിയന്ത്രണങ്ങൾ ഇന്ത്യൻ സർക്കാർ നീക്കംചെയ്തതിന് തൊട്ടുപിന്നാലെയാണിത്.
അയൽരാജ്യമായ റഷ്യയിൽ നിന്നുള്ള അധിനിവേശം ഭയന്ന് യുക്രൈൻ ആശങ്കയിലായിരുന്നു. ഇതേതുടർന്ന് യുക്രൈൻ റഷ്യയുമായുള്ള അതിർത്തിയിൽ സൈന്യങ്ങളെയും ടാങ്കുകളും സൈനിക ഹെലികോപ്റ്ററുകളും വിന്യസിച്ചിരുന്നു.
എന്നിരുന്നാലും, പശ്ചിമേഷ്യയിൽ ആശങ്ക ഉയർന്നതിനെത്തുടർന്ന് യുക്രൈനിന്റെ അതിർത്തിക്കടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് കൂടുതൽ ടാങ്കുകളും വാഹനങ്ങളും പിൻവലിക്കുകയാണെന്ന് റഷ്യ വെള്ളിയാഴ്ച അറിയിച്ചിരുന്നു.
ആളുകൾക്ക് വിമാന ടിക്കറ്റ് ലഭിക്കുന്നില്ലെന്ന റിപ്പോർട്ടുകളിൽ പരിഭ്രാന്തരാകരുതെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി ബുധനാഴ്ച പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. എയർ ഇന്ത്യ, യുക്രൈനിയൻ ഇന്റർനാഷണൽ എയർലൈൻസ് എന്നിവയിൽ നിന്നുൾപ്പെടെ സമീപഭാവിയിൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുമെന്നും അറിയിച്ചു.
നിലവിലെ സാഹചര്യത്തിന്റെ അനിശ്ചിതത്വം കണക്കിലെടുത്ത് ചൊവ്വാഴ്ച ഇന്ത്യൻ പൗരന്മാരോട്, പ്രത്യേകിച്ച് വിദ്യാർത്ഥികളോട്, രാജ്യം വിട്ടുപോകാൻ എംബസി നിർദ്ദേശിച്ചിരുന്നു.
വിമാന യാത്രാ നിയന്ത്രണങ്ങൾ കാരണം വിവിധ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കുക എന്നതാണ് വന്ദേ ഭാരത് മിഷൻ കൊണ്ട് ലക്ഷ്യമിടുന്നത്. ഈ ദൗത്യത്തിലൂടെ കോവിഡ് മഹാമാരി പടർന്നുപിടിച്ച കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാനായിരുന്നു.