കോട്ടയത്ത് കാറുമായി കൂട്ടിയിടിച്ച് ബൈക്കിന് തീപിടിച്ചു; ബൈക്ക് യാത്രക്കാരിയായ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോട്ടയം: കുറവിലങ്ങാട്ട് കാറില്‍ ഇടിച്ച ബൈക്കിനു തീപിടിച്ചു ബൈക്ക് യാത്രക്കാരിയായ യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു. കുറവിലങ്ങാട് എം.സി റോഡില്‍ വെമ്പള്ളി തെക്കേക്കവലയില്‍ ഇന്നലെ രാത്രി ഒന്‍പതരയോടെയായിരുന്നു അപകടം. ബൈക്ക് പൂര്‍ണമായി കത്തിനശിച്ചു.
കാലുകള്‍ക്കു പൊള്ളലേറ്റ ബൈക്ക് യാത്രക്കാരി മണര്‍കാട് പള്ളിക്കുന്നേല്‍ അന്നയെ (24) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പാവൂരില്‍ ജോലി ചെയ്യുന്ന അന്ന മണര്‍കാട്ടെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം.
കോട്ടയം ഭാഗത്തു നിന്നു വന്ന കാര്‍ വെമ്ബള്ളി-കടപ്പൂര് റോഡിലേക്കു തിരിഞ്ഞപ്പോള്‍ ബൈക്കുമായി കൂട്ടിയിടിക്കുകയായിരിന്നു. റോഡിലേക്ക് മറിഞ്ഞു വീണ ഉടന്‍ ബൈക്കിനു തീപിടിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് അന്നയെ രക്ഷിച്ചത്. തുടര്‍ന്ന് ഹൈവേ പോലീസ് അന്നയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ബൈക്കിന്റെ പെട്രോള്‍ ടാങ്ക് തകര്‍ന്നു തീപിടിച്ചതാണെന്നു സംശയിക്കുന്നു. എംസി റോഡിനു നടുവില്‍ ബൈക്ക് കത്തിയമര്‍ന്നത് മൂലം ഗതാഗതം ഭാഗികമായി നിലച്ചു.