KeralaNews

കാർ മരത്തിലിടിച്ചു തകർന്നു,ദമാമിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ സുഹൃത്തുക്കളായ ഇന്ത്യൻ വിദ്യാർത്ഥികൾ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികലെ ഈന്തപ്പന മരത്തിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ തൽക്ഷണം മരിച്ചു.

ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ദമ്മാം ഇൻറർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളും, ഒരേ കെട്ടിടത്തിലെ വിവിധ ഫ്ലാറ്റുകളിൽ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശികളായ ഇബ്രാഹിം അസ്ഹർ (16), ഹസ്സൻ റിയാസ് (18), അമ്മാർ (13) എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. 

ഇബ്രാഹിം അസ്ഹറും ഹസ്സൻ റിയാസും അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മാറിന്റെ നില ഗുരുതരമായി തുടരുന്നു. ദമ്മാം ഗവർണർ ഹൗസിന് മുന്നിലുള്ള റോഡിൽ ചൊവ്വാഴ്ച വൈകീട്ടാണ്‌ ദമ്മാമിനെ നടുക്കിയ അപകടം ഉണ്ടായത്.

വൈകീട്ട്  സുഹൃത്തുക്കൾ മൂന്നു പേരും അമ്മാറിന്റെ പിതാവിന്റെ മസ്ദ കാറുമായി പുറത്തേക്ക് പോയതായിരുന്നു. ഡ്രൈവിംങ് ലൈസൻസുള്ള ഹസൻ റിയാസാണ് കാർ ഓടിച്ചിരുന്നത്. അതിവേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലുള്ള ഈന്തപ്പനയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പൂർണ്ണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് മൂവരേയും പുറത്തെടുത്തത്.
 
മൂഹമ്മദ് യൂസുഫ് റിയാസ്, റിസ്വാന ബീഗം ദമ്പതികളുടെ മകനാണ് മരിച്ച ഹസൻ റിയാസ്, ഹൈദരാബാദ് ബഹാദുർപുര സ്വദേശി മുഹമ്മദ് അസ്ഹർ, സഹീദ ബീഗം ദമ്പതികളുടെ മകനാണ് ഇബ്രാഹിം അസ്ഹർ. ഇരുവരുടേയും മൃതദേഹങ്ങൾ ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മെഡിക്കൽ കോംപ്ലക്സിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അമ്മാർ ഇതുവരെയും അപകട നില തരണം ചെയ്തിട്ടില്ല. വിദ്യാർത്ഥികളുടെ മരണം ദമ്മാമിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ ആകമാനം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button