ന്യൂഡൽഹി: പാർലമെന്റിലെ കാന്റീനിൽ എംപിമാർക്കും മറ്റുള്ളവർക്കും നൽകി വന്ന സബ്‌സിഡി ഇനി ഇല്ല. സബ്‌സിഡി നിർത്തലാക്കുന്നതോടെ എംപിമാർ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണത്തിന് ഇനി ഉയർന്ന വില നൽകേണ്ടി വരും. ഇത് സംബന്ധിച്ച കൂടുതൽ വിശദ വിവരങ്ങൾ സ്പീക്കർ വ്യക്തമാക്കിയിട്ടില്ല. എന്നാൽ സബ്‌സിഡി നിർത്തലാക്കുന്നതോടെ ലോക്‌സഭാ സെക്രട്ടറിയേറ്റിന് പ്രതിവർഷം എട്ടു കോടിയിലേറെ രൂപയുടെ ലാഭം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
നോർത്തേൺ റെയിൽവേ നടത്തിവന്നുകൊണ്ടിരുന്ന കാന്റീൻ ഇത്തവണ മുതൽ ഇന്ത്യൻ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് നടത്തുകയെന്നും സ്പീക്കർ ഓംബിർല വ്യക്തമാക്കി. ജനുവരി 29 നാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി എല്ലാ അംഗങ്ങളെയും കൊറോണ പരിശോധനയ്ക്ക് വിധേയമാക്കും. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെയായിരിക്കും രാജ്യസഭ ചേരുന്നത്. വൈകിട്ട് നാലു മുതൽ രാത്രി എട്ടു വരെ ലോക്‌സഭ സമ്മേളിക്കും.