ന്യൂഡൽഹി: മരടിൽ ഫ്ളാറ്റുകൾ പൊളിച്ച സ്ഥലത്ത് വീണ്ടും നിർമാണത്തിന് അനുമതി നൽകാനാകില്ലെന്ന് കേരള തീരദേശ പരിപാലന അതോറിറ്റി വ്യക്തമാക്കിയതായി അമിക്കസ് ക്യൂറി സുപ്രീം കോടതിയെ അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് സമർപ്പിക്കപ്പെട്ട മൂന്ന് അപേക്ഷകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് അതോറിറ്റി വ്യക്തമാക്കിയതായും അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ സുപ്രീം കോടതിയെ അറിയിച്ചു. സ്ഥലത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം കേരള തീരദേശ പരിപാലന അതോറിറ്റി എടുത്തത്.
ഫ്ളാറ്റുകൾ പൊളിച്ച സ്ഥലത്ത് പുനർനിർമാണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഗോൾഡൻ കായലോരം റസിഡന്റ് അസോസിയേഷൻ, ജയിൻ കോറൽ കോവ് അല്ലോട്ടീസ് അസോസിയേഷൻ, H20 ഓണേഴ്‌സ് അസോസിയേഷൻ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഫ്ളാറ്റുകൾ മുമ്പ് സ്ഥിതി ചെയ്തിരുന്നത് തീരദേശ പരിപാലന നിയമ പ്രകാരം നിർമാണ പ്രവർത്തനങ്ങൾ വിലക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു. എന്നാൽ നിലവിൽ ഇവിടെ നിർമ്മാണത്തിന് വിലക്ക് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു അപേക്ഷ.
ഇത് സംബന്ധിച്ച കേരളത്തിലെ അഡീഷണൽ ചീഫ് സെക്രട്ടറിയും കേരള തീരദേശ പരിപാലന അതോറിറ്റി ചെയർമാനും ആയി ചർച്ച നടത്തിയിരുന്നുവെന്ന് അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ സുപ്രീം കോടതിയെ അറിയിച്ചു. നിർമാണത്തിന് വിലക്കില്ലെങ്കിലും സ്ഥലത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് നിർമാണം അനുവദിക്കാൻ ആകില്ലെന്നാണ് സർക്കാരിന്റേയും അതോറിറ്റിയുടേയും നിലപാടെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത, സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി. വിവിധ ഫ്ളാറ്റ് നിർമാതാക്കൾക്ക് വേണ്ടി സീനിയർ അഭിഭാഷകരായ വി. ഗിരി, ആർ. ബസന്ത്, അഭിഭാഷകരായ ഹാരിസ് ബീരാൻ, കെ. രാജീവ്, എ. കാർത്തിക് എന്നിവർ ഹാജരായി. ഫ്ളാറ്റ് ഉടമകൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ് ഹാജരായി.