ഇടുക്കി: റോഡരികിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെ പ്ലാസ്റ്റിക് ഭരണിയിൽ പൊതികളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി. ചെറുപൊതികളാക്കി വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് ഇതെന്നാണ് നിഗമനം. അണക്കരയിൽ പള്ളിക്കവലയ്ക്ക് സമീപത്തെ പാതയോരത്ത് നിന്നാണ് വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികൾ കിട്ടിയത്. അഞ്ച് പൊതികളിലായി മൊത്തം 100 ഗ്രാം കഞ്ചാവാണ് ഉണ്ടായിരുന്നത്.
അണക്കര ഗവൺമെന്‍റ് സ്കൂളിന് മുൻവശത്തെ റോഡിൽ പള്ളി വക സ്ഥലത്തെ കാട് വളർന്ന് റോഡിലേക്ക് ചാഞ്ഞുകിടന്നത് പള്ളിയിലെ യുവജന സംഘം പ്രവർത്തകർ ചേർന്ന് വെട്ടിനീക്കുന്നതിനിടയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ഭരണി ലഭിച്ചത്. മറ്റ് ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് ബോട്ടിലുകളും ഉണ്ടായിരുന്നതിനാൽ ആദ്യം ഇത് കാര്യമാക്കിയില്ല.
പിന്നീട് ബോട്ടിലിനുള്ളിൽ ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഭരണി ഇവർ തുറന്നുനോക്കിയത്. ഇതോടെ അഞ്ച് പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തുകയായിരുന്നു. 100 ഗ്രാം ഓളം തൂക്കം ഉള്ളതായി കണക്കാക്കുന്നു. ഉടൻതന്നെ വണ്ടൻമേട് പോലീസിൽ വിവരമറിയിക്കുകയും പോലീസ് സംഘം എത്തി കഞ്ചാവ് പായ്ക്കറ്റുകൾ ഏറ്റെടുക്കുകയും ചെയ്തു.
സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിവരുന്ന സംഘങ്ങൾ സജീവമാണെന്ന ആശങ്കകൾക്കിടയിലാണ് സ്കൂൾ ജംഗ്ഷനിൽനിന്ന് റോഡരികിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ഇതോടെ മയക്കുമരുന്ന് മാഫിയ ഈ മേഖലയിൽ സജീവമാണെന്ന് സ്ഥിരീകരിക്കപ്പെടുകയാണ്.
മുമ്പ് അണക്കര ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് സംഘങ്ങൾ വിദ്യാർഥികളെ ലക്ഷ്യമിട്ട് നിലയുറപ്പിച്ചിരുന്നതായി സംശയമുയർന്നതിനെ തുടർന്ന് സ്കൂൾ സമയങ്ങളിൽ പോലീസ് ഈ ഭാഗത്ത് കാവൽ ശക്തമാക്കിയിരുന്നു. ഗവൺമെന്‍റ് സ്കൂളും രണ്ട് സ്വകാര്യ സ്കൂളുകളും കോളജും ഉൾപ്പെടുന്ന പ്രദേശത്ത് പാതയോരത്തുനിന്ന് കഞ്ചാവ് പായ്ക്കറ്റുകൾ കണ്ടെടുത്തത് അതീവ ഗൗരവമായാണ് പോലീസും വിദ്യാലയ അധികൃതരും കാണുന്നത്.