KeralaNews

പത്രിക തള്ളിയ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് ഹൈക്കോടതിയില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക തള്ളിയ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിക്കുന്നു. തലശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

ഇവരുടെ ഹര്‍ജി ഹൈക്കോടതി ഞായറാഴ്ച ഉച്ചക്ക് രണ്ടിന് അടിയന്തരമായി പരിഗണിക്കും. അപൂര്‍വമായാണ് ഞായറാഴ്ച കോടതി കേസ് പരിഗണിക്കുന്നത്. വരണാധികാരിയുടെ രാഷ്ട്രീയ താല്‍പര്യങ്ങളാണ് പത്രിക തള്ളാന്‍ ഇടയാക്കിയതെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ഹര്‍ജിയില്‍ പറയുന്നത്.

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയില്‍ മൂന്ന് എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികയാണ് തള്ളിയത്. ഇതില്‍ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിപ്പോയ മണ്ഡലമായ ദേവികുളത്ത് സ്വതന്ത്രനെ പിന്തുണക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തയാഴ്ച കേരളത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്താനിരിക്കെ മൂന്ന് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയത് ബിജെപി ക്യാമ്പില്‍ അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്. തലശേരിയിലാണ് അമിത് ഷാ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തുന്നത്. ഇനി ഇവിടെ അമിത് ഷാ എത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.

കണ്ണൂര്‍ ജില്ലയില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശേരി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി 22,125 വോട്ട് നേടിയിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ആയിരുന്നു ഇവിടെ സ്ഥാനാര്‍ഥി.

ഗുരുവായൂരില്‍ മഹിളാ മോര്‍ച്ച അധ്യക്ഷ നിവേദിതയുടെ പത്രികയാണു തള്ളിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 25,490 വോട്ടും ലോക്‌സഭാ തെ രഞ്ഞെടുപ്പില്‍ 33,967 വോട്ടും ഇവിടെ ബിജെപി നേടിയിരുന്നു. ദേവികുളത്ത് എന്‍ഡിഎ പിന്തുണച്ചിരുന്ന എഐഎഡിഎംകെ സ്ഥാനാര്‍ഥി ധനലക്ഷ്മിയുടെ പത്രികയാണു തള്ളിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button